Pages

Tuesday, 4 July 2017

 അള്ളിപ്പിടിക്കുന്ന ഞണ്ടുകൾ
ഈ വ്യാഴാഴ്ച്ച ബനാന ഐലൻഡിൽ പിങ്ക് ഡേ ആയിരുന്നു.. ജീവിതത്തിൽ കാൻസർ രോഗത്താൽ വലയുന്നവരോട് അനുതാപപൂർവ്വം തോളോട് തോൾ ചേർന്ന് പൊരുതാൻ, ഒരു ദിനം.. ഐലൻഡ് നിറയെ പിങ്ക് ഉടുപ്പിട്ടവർ... അവരെ നോക്കിയിരിക്കുമ്പോൾ കാൻസർ വ്യാപകമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തെക്കുറിച്ച് അറിയാതെ ഓർത്തു പോയി .. ജീവിത പാച്ചിലിനിടയിൽ നമ്മൾ ഓർക്കാനിഷ്ടപ്പെടാത്ത പല കാര്യങ്ങളും ... മനപൂർവ്വം മറക്കുന്ന ചില ഓർമ്മപ്പെടുത്തലുകൾ...
എന്റെ ജീവിതത്തിൽ ആദ്യമായി ഞണ്ട് അള്ളിപ്പിടിച്ചത് 27 വർഷങ്ങൾക്ക് മുമ്പ് എന്റെ ജീവന്റെ ജീവനായ, മക്കളെ സ്നേഹിച്ച് കൊതി തീർന്നില്ലല്ലോന്ന് വിലപിച്ച ഉപ്പാനെയായിരുന്നു .. ആറു മാസത്തോളം ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്ക് .. ചെറിയൊരു പനിയിൽ തുടക്കം..എല്ലിനുള്ളിൽ കടുത്ത വേദന, വേദന കൊണ്ട് പുളയുന്ന ഉപ്പാനെ കണ്ട് നിൽക്കാനാവുന്നുണ്ടായിരുന്നില്ല കുഞ്ഞായിരുന്ന എനിക്ക് പലപ്പോഴും... ആകാശം മുട്ടെ ഉയരത്തിൽ ജ്വലിച്ച് നിന്നിരുന്ന ഉപ്പ, കാൻസറിന്റെ വേദനയിൽ തളരുമ്പോൾ മനുഷ്യനെത്ര നിസ്സഹായനെന്ന പാഠം പഠിക്കുകയായിരുന്നു ഞാൻ.. ഓങ്കോളജി ഡിപ്പാർട്ട്മെന്റുകൾ മുട്ടിന് മുട്ടിന് തുറക്കാത്ത ആ കാലത്ത് ഉപ്പ മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ഉപ്പാക്ക് ബോൺ കാൻസറാണെന്നുള്ളത് കണ്ടു പിടിച്ചത് .. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ എന്നിൽ നിന്നും ഉപ്പാടെ സ്നേഹം തട്ടിത്തെറിപ്പിച്ച ഞണ്ടിനെ അന്നേ വെറുക്കാൻ തുടങ്ങി ഞാൻ....
     അതിനു ശേഷം ഒത്തിരി പേർ ആ ഞണ്ടിന്റെ പിടിയിൽ അമർന്ന് മുങ്ങിത്താഴ്ന്നു.. മൂത്ത ഇത്താടെ ഭർത്താവ്, ഫുട്ബോൾ റഫറിയായും മികച്ച അധ്യാപകനായും വളരെ ആരോഗ്യ പരമായി ജീവിതം നയിക്കുമ്പോഴാണ് മൂക്കിന് ചെറിയൊരു വളവുണ്ടെന്നും പറഞ്ഞ് സർജറി ചെയ്യുന്നതും, പിന്നീടത് കാൻസറാണെന്ന് തിരിച്ചറിയുന്നതും... മജീദളിയന്റെ ഇച്ഛാശക്തി അപാരമായിരുന്നു; എത്ര വേദനിക്കുമ്പോഴും തമാശകൾ പറഞ്ഞ് ചിരിച്ച് ഞങ്ങളെ ചിരിപ്പിച്ച് കാൻസറിനെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ച് കയറി.. പക്ഷേ നാലഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും  ആക്രമണമുണ്ടായപ്പോൾ തീർത്തും പതറിപ്പോയി... കണ്ടാലറിയാത്ത വിധം മുഖത്തിന്റെ ആകൃതി തന്നെ മാറിപ്പോയി അദ്ദേഹത്തിന് വീണ്ടും കാൻസർ ബാധിതനായപ്പോൾ... ഇപ്രാവശ്യം അദ്ദേഹം ആയുധം വെച്ച് കീഴടങ്ങി, ജീവിതത്തിന്റെ പകുതി പോലും പിന്നിട്ടിട്ടില്ലാത്ത എന്റെ ഇത്താനെ വിധവയാക്കി കൊണ്ട് കാലയവനികക്കുള്ളിൽ മറഞ്ഞു.. ചിട്ടയോടെയുള്ള ജീവിതം, നിരന്തരമായ ശാരീരികാധ്വാനം ഇതെല്ലാമുള്ള ജീവിതമായിരുന്നിട്ടും ഞണ്ട് വെറുതെ വിട്ടതേയില്ല.. അകാലത്തിൽ പൊഴിയാൻ തന്നെയായിരുന്നു വിധി..
  രണ്ടായിരമാണ്ടിലെത്തിയപ്പോഴേക്കും ഒരു വീട്ടിൽ ഒരു കാൻസർ രോഗിയെന്ന നിലയിലേക്ക് ആരോഗ്യസൂചിക ഉയർന്നു.. രാജാ ഹോസ്റ്റലിൽ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന നാദിയ ബ്രെസ്റ്റ് കാൻസർ വന്ന് മരിച്ചത് ഞാനറിഞ്ഞത് മാസങ്ങൾക്കു ശേഷമാണ്. എന്നിട്ടും അവളുടെ കളിയും ചിരിയും ഉമ്മയില്ലാത്ത അവളുടെ മക്കളുടെ മുഖങ്ങളും പല രാത്രികളിലും എന്റെ ഉറക്കം കെടുത്തി.. കഥാകാരി ചന്ദ്രമതി കാൻസർ തീരത്തൂടെ നടന്ന് ഞണ്ടുകളെ വീണ്ടും വീണ്ടും പറിച്ചെറിഞ്ഞ് വേദനയിലൂടെ ജീവിതത്തിലേക്ക് തിരിച്ച് നടന്നത് വീർപ്പടക്കി പിടിച്ച് വായിച്ചു ഞാൻ.. എന്റെ ഏതൊക്കെയാ കോശങ്ങളിൽ കാൻസർ പിടിമുറുക്കിയിട്ടുണ്ടെന്ന് തോന്നിയെനിക്ക്... മാറിടത്തിൽ ഒന്ന് രണ്ടിടത്ത് ചെറിയമുഴകൾ... ഡോക്ടറെ കാണിച്ചപ്പോൾ മാമ്മോ ഗ്രാഫിക്കെഴുതി തന്നു .. ഇക്ക ഗൾഫിലായിരുന്നു അന്ന്.മുഖമമർത്തിയൊന്ന് കരയാൻ പോലും കഴിയാത്ത അന്ന് തൊണ്ടയിൽ ഘനീഭവിച്ച് നിന്ന കരച്ചിലോടെ ഞാൻ അമല ആശുപത്രിയിലെ മാമ്മോറൂമിന് മുന്നിൽ കുത്തിയിരുന്നു... ഒരുതരം നിർവികാരത എന്നെ ചൂഴ്ന്നു നിന്നിരുന്നു... അപകടകാരിയല്ലാത്ത മുഴയാണിതെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തിയപ്പോൾ അത് വരെ പെയ്യാതെ നിന്നിരുന്ന മഴയെല്ലാം ഞാൻ കൂടെ വന്ന സഹോദരനെ കെട്ടിപ്പിടിച്ച് പെയ്തു തീർത്തു... അയ്യേ... എന്റെ ധൈര്യശാലിയായ പെങ്ങളാണോ ഇതെന്ന് ഇക്ക കളിയാക്കിയപ്പോൾ ഞാനോർത്തു.. മനുഷ്യൻ എത്ര നിസ്സഹായൻ.. രോഗത്തിലും മരണത്തിലും അവൻ തീർത്തും നിസ്സഹായനാണ് ..
   
    ഒരു ദിവസം രാവിലെ കഥാകാരി രേഖയുടെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഞാൻ കഥാകൃത്ത് സിത്താരക്ക് Sithara S Sithara കാൻസറാണെന്നറിയുന്നത്   അത്  വായിച്ചതിന് ശേഷം എനിക്കു ത്തന്നെ അറിയില്ല എനിക്കെന്താണ് സംഭവിക്കുന്നതെന്ന് ..സിത്തുവിന് ഞാൻ ആരുമല്ല .. പക്ഷേ സിത്താരയുടെ കഥകൾ കുറിപ്പുകൾ: അവ വായിച്ചു വളർന്ന എനിക്ക് സിത്താര എന്റെ ഹൃദയത്തോട് വളരെയധികം ചേർന്നു നിൽക്കുന്ന ഒരാളാണ് ...എന്താ പറയുക അന്നെനിക്കൊന്നും ചെയ്യാൻ തോന്നുന്നുണ്ടായിരുന്നില്ല.. അതിശക്തമായ ശ്വാസംമുട്ടലാൽ കുറുകുന്ന നെഞ്ചകം... അതിനപ്പുറം വേദന തോന്നുന്ന കാളൽ മനസ്സിനെ നീറ്റുന്നു.. എന്തിനെന്നറിയാതെ ഞാനെൻറ മോളോട് വഴക്കിട്ടു .. കട്ടിലിൽ കയറിക്കിടന്ന് തല വഴി മൂടിയ പുതപ്പിന്നടിയിൽ നിറഞ്ഞ കണ്ണുകളെ ഒളിപ്പിച്ചു .. ഫ്രിഡ്ജിൽ നിന്നും എന്തെങ്കിലുമെടുത്ത് ചൂടാക്കി തിന്നോളാൻ പറഞ്ഞ് നിരുത്തരവാദപരമായ ഭർത്താവിനെയും കുട്ടികളെയും മനസ്സിൽ നിന്നും ഇറക്കി ഞാനന്ന് സിത്താരയെ കുറിച്ച് മാത്രം ഓർത്തു കിടന്നു.. അവർനേരിടുന്ന വേദനകൾ അവരുടെ മക്കൾ .. മുലപ്പാലിന്റെ മണം മാറാത്ത അവളുടെ കുഞ്ഞുമോൻ.. അവന്റെ കളി ചിരികൾ മിസ് ചെയ്യുന്നുവെന്ന് അവൾ പോസ്റ്റിട്ടപ്പോഴൊക്കെ ഞാൻ കരഞ്ഞു.. ഒരു വേള എനിക്ക് തന്നെയാണോ കാൻസർ: ഞാൻ തന്നെയാണോ സിത്തു എന്ന് പോലും എനിക്ക് തോന്നി.. അവളുടെ ഓരോ കീമോക്കും വേദനയുടെ കയങ്ങളിൽ പിടിച്ച് നിൽക്കാൻ അവൾക്ക് കരുത്തേകാൻ ഞാനേക ദൈവത്തോട് പ്രാർത്ഥിച്ചു... എനിക്കുറപ്പുണ്ട് അവൾ തിരിച്ച് വരും..ഈ രോഗത്താൽ വേദനിക്കുന്ന നൂറായിരങ്ങൾക്കു കരുത്താവാൻ സിത്തൂന്റെ വരികൾക്കാവും..
    ആത്മവിശ്വാസത്തോടെ രോഗത്തെ നേരിട്ട, രോഗത്തെ നോക്കി ചിരിച്ച ജിഷ്ണുവിന്റെ മരണം ഞെട്ടലുളവാക്കി.. ജിഷ്ണുവിനെക്കുറിച്ച് ദീപ ടീച്ചറും ( Deepa Nishanth) ജിഷ്ണുവിന്റെ അച്ഛൻ രാഘവൻ മാഷും എഴുതിയത് വായിച്ചത് നമ്മുടെ കണ്ണുകൾ ഈറനണിഞ്ഞു..
അകാലത്തിൽ പൊലിഞ്ഞ അതുല്യപ്രതിഭക്ക് മനുഷ്യസ്നേഹിക്ക് നമോവാകം. ഇനിയും നമ്മുടെ മുന്നിൽ മംമ്തയുണ്ട്.. തന്റെ ജീവിതം കൊണ്ട് കാൻസറിനെ തോൽപ്പിച്ച് കാണിച്ച്... അവരൊരിക്കലും കാൻസറിന് മുന്നിൽ തോൽക്കരുതേയെന്ന് കൊതിക്കുന്നു .. മോൾടെ ജീവിതം കൈപ്പിടിയിൽ നിന്നൂർ ന്ന് പോയപ്പോഴും തളരാതെ തന്റെ ജീവിതം കാൻസർ ബാധിച്ച അനേകായിരങ്ങൾക്കായി ഉഴിഞ്ഞ് വെച്ച ഷീബ ടീച്ചർ.. Sheeba Ameer. വേദനയുടെ ഒരു കടൽ ഉള്ളിൽ തിരയടിക്കുമ്പോഴും കുഞ്ഞ് മുഖങ്ങളിലെ വേദനകളെ തുടച്ച് മാറ്റാൻ സമൂഹത്തിലേക്കിറങ്ങിയ അവരെ പോലുള്ളവർ നമ്മെ ഓർമ്മിപ്പിക്കുന്നു പലതും... നമ്മുടെ കർത്തവ്യങ്ങളെ... കണ്ണ് തുറന്ന് പിടിച്ച് നമ്മൾ നോക്കണം.. നമുക്ക് ചെയ്യാൻ ഒരുപാടുണ്ട്... വീട്ടിലും നാട്ടിലും...

കാൻസറിന്റെ കരാളഹസ്തങ്ങൾ പിടിമുറുക്കിയിട്ടും അതെല്ലാം പൊട്ടിച്ചെറിഞ്ഞ് കുട്ടികളുടെയിടയിലേക്ക് തിരിച്ച് നടന്ന് കയറിയ എന്റെ പ്രിയ അധ്യാപിക സുഹൃത്ത് ജോയ്സി മിസ്... അങ്ങനെയങ്ങനെ നമ്മുടെ ചുറ്റിലും, നമ്മളറിയുന്ന ഒരു കാൻസർ രോഗിയെങ്കിലുമുണ്ട്.. നമ്മുടെ ഓരോരുത്തരുടെ ഉള്ളിലും ഭീതിയുടെ കരിനിഴൽ വീഴ്ത്തി കാൻസർ രോഗാണു ആക്രമിക്കുമോയെന്ന സംശയമുണ്ട്. സംശയത്തിന്റെ ഞണ്ടുകൾ പിടിമുറുക്കി രോഗാവസ്ഥയിലേക്കെത്താതിരിക്കാൻ ശ്രദ്ധിക്കാം നമുക്ക്.. രോഗത്തിന്റെ പിടിയിലമർന്നവർക്കൊരു കൈത്താങ്ങാവാം നമുക്ക്‌... ജീവിതത്തിലേക്ക് തിരിച്ച് നടക്കാൻ..

ചിത്രത്തിന് കടപ്പാട്: ഗൂഗിൾ

Monday, 2 September 2013

സ്ത്രീ ജനനി

ഇരുൾ വീണ കിനാക്കളിൽ അഴലേ നീ
നഖമാഴ്ത്തി ,അള്ളി പിടിക്കുന്നതെന്തിനെ ?
നോവുന്നു മേലാകെ, വീർപ്പൊഴിഞ്ഞീല ഉദരം
പൊട്ടിപ്പിളരുന്ന വേദന പടരുന്നിതെമ്പാടും
കന്മഷമില്ലാത്ത പുഞ്ചിരി , നീയെത്ര ദൗർഭാഗ്യ
ഇനിയീ നോവുകൾ നിനക്കും പങ്കിടാം അളവേതു -
മില്ലാതെ ! ആദ്യത്തെ കണ്മണി പെണ്മണി
മുറുമുറുപ്പിൽ  ഒതുങ്ങീ പ്രതികരണങ്ങൾ
ഒന്നൊന്നായ്  വിടർന്നതൊക്കെയും പെണ്ദളങ്ങൾ
മുറുമുറുപ്പ്  കയ്യാങ്കളിയായ് ,അവസാന ഭാഗ്യപരീക്ഷയും
പരാജയം! ഇവിടെ തോറ്റത്  നീയോ ഞാനോ നമ്മളോ
പൂമുഖവാതിൽക്കൽ പുഞ്ചിരിക്കാൻ നീ വേണം
അവന്റെ രതിചൂടു മാറ്റാൻ ,അവന്റെ മക്കളെ പെറാൻ
അടുപ്പിലൂതാൻ പണിക്കുപോവാൻ എന്തിനുമേതിനും
എന്നിട്ടുമെന്തേ നിനക്ക് മാത്രം കുഴിമാടങ്ങൾ !!
മൂത്തത് രണ്ടും പെണ്ണ് ,ഇനിയത്തേത്  നോക്കിമതി
അതിനീല ലോഹിതരശ്മികളെറ്റവൾ ... ഇതും പെണ്ണാണ്
അള്ളിപിടിക്കുന്ന ചുറ്റിപിരിഞ്ഞ രുധിരനാളങ്ങൾ
അടർത്തി മാറുമ്പോൾ പ്രാണൻ പിരിയുന്ന വേദന
കുഞ്ഞേ എനിക്കു ചുറ്റും നിന് തേങ്ങൽ,നിസ്വനം
ഉറക്കമില്ലാ രാത്രികൾ..കൂർക്കം വലിച്ചു
നിൻ താതൻ അല്ലവൻ കാലൻ
ഇതൊന്നുമേയറിയെണ്ടാത്ത്തവൻ
 ജീവൻ തുടിപ്പുകൾ വീണ്ടുമുനർന്നപ്പോൾ
പറഞ്ഞീ ലാരോടും  ഇടവേളകളില്ലാ
വേഴ്ച്ച്ചകൾ അറിയേണ്ടവനോര്തീല
ഇതെന്റെ അറുത്തു മാറ്റപെട്ടവൾക്കായുല്ലൊരുദകക്രിയ
 മാസാമാറായ്   വീർത്ത വയർ  വീണ്ടും പരിശോധന
അടിപിടികൾ .. വിട്ടുകൊടുത്തീല നിൻ  ഉയിരിനെ
 എന്നുയിരിൽ  ചേർത്തണച്ചു ഞാൻ
നമ്മൾ രണ്ടല്ല ഇനിയെന്നും ഒന്നല്ലേ....
 പിണങ്ങി പോയവൻ ..നമ്മെ  ഉപേക്ഷിച്ചു
വേപഥു  വേണ്ട !  നമുക്ക്  നാം  മതി
പിടയാത്ത  മനസ്സും തോല്ക്കാത്ത്ത  മെയ്യും
 ചുറ്റിനുമാറ്  മിഴികളും   ജ്വലിക്കും തിരിനാളമായ്..Tuesday, 27 August 2013

ജലസമാധി

ഗർഭ പാത്രത്തിൽ വെള്ളം കുറഞ്ഞതിനാൽ
ഭൂലോകത്തെക്കെടുത്തെറിയപ്പെട്ടപ്പോൾ
പേറ്റു നോവോടൊപ്പമമ്മ പോയി,അമ്മിഞ്ഞ
പ്പാലിന്റെ മധുരമിറെണ്ട നാൾകളിൽ ഇറ്റിറ്റ്
വീഴുന്ന ജലകണികകൾക്കായ് ദാഹിച്ചിരുന്നു ഞാൻ
'വെള്ള 'മടിചേറി വരും , അച്ഛന്റെ തെറിപ്പാട്ടിനായ്
കാതോർത്തിരിക്കുമ്പോൾ മഴ പെയ്താൽ ചോരുന്ന
ഓലക്കീറുകൾക്കിടയിലൂടെ ആകാശച്ചെരുവിൽ
മയങ്ങും ദൈവത്തെ തിരഞ്ഞു ഞാൻ ....
വക്കു പൊട്ടിയ ഞെളുങ്ങിയ പാത്രങ്ങൾ
തികയാറില്ല ചോരുന്ന പുര കാക്കാൻ ..
ചേമ്പില കുടക്കീഴിൽ സ്കൂളിലേക്കോടുമ്പോൾ
നനഞ്ഞ കുപ്പായത്തിൻ മണമെന്നെ തനിച്ചാക്കി
പ്രണയപരവശനാം കൌമാരത്തിൽ മഴ കൊണ്ട്,
പാടത്തെ കുളത്തിൽ നീന്തിത്തിമിർത്തു ..
മഴക്കാലം തൊഴിലുറപ്പില്ലാത്ത വറുതിയുടെ
കോപത്താൽ , മഴയെ പഴിച്ച് മുണ്ട് മുറുക്കി..
കുളം മണ്ണിട്ട് നിറച്ച് മണിമാളികകൾ പണിയുമ്പോൾ
മുടങ്ങാതെ പണി കിട്ടിയതോർത്തേറെ ചിരിച്ചു ..
നാട്ടിലെ തോടും പാടോം  മണ്ണിട്ടടച്ച ഞാൻ ഇന്ന് ,
ഒന്നരാടം വരും പൈപ്പുവെള്ള ച്ചുവട്ടിൽ നായ് -
ക്കളെ പോലെ കടിപിടി കൂടി കുളിക്കാതെ നനക്കാതെ
പിന്നിട്ട വേനലുകളിൽ ചുണ്ടൊന്നു നനക്കാൻ വെള്ള-
ത്തിന്നായ് കിലോമീടറുകൾ തെണ്ടിയലഞ്ഞു  ഞാൻ!
വശമൊന്നു തളർന്നു പായിൽ ചുരുണ്ടു കിടന്നപ്പോൾ
വെള്ളം പിഴിഞ്ഞ തുണിയാലൊരു  തലോടലിന്നായ്
വെമ്പിയെങ്കിലും കടലാസുത്തുടകൾക്ക്  കീഴടങ്ങി
അവസാന തുള്ളി വെള്ളത്ത്തിന്നായ് കേണപ്പോൾ
ചുണ്ടു നനച്ച വെള്ളത്തിൽ ദുർഗന്ധപ്പെരുമഴ !!
എൻ അവസാന ജലക്രിയക്കു നിളയിലും മണൽ  മാത്രം!!

Amal's Henna


Amal's Henna


Amal's Henna


Amal's Henna


Monday, 26 August 2013

സ്വര്ഗം തേടിയ നോമ്പുകള്


സ്വര്ഗം തേടിയ നോമ്പുകള്

സ്വര്ഗം തേടിയ നോമ്പുകള്
ഒരു മീനച്ചൂടിലാണ് ജീവിതത്തിലാദ്യമായി ഞാന് നോമ്പിനെ അറിഞ്ഞത്. അന്നെനിക്ക് അഞ്ചര വയസ്സ് പ്രായം. ഞങ്ങള് ഒമ്പതു മക്കളായിരുന്നു. മൂന്ന് ഇത്തമാരുടെ വിവാഹം കഴിഞ്ഞിരുന്നു. കല്ല്യാണം കഴിച്ചയച്ചത് ദൂരത്തേക്കായതിനാല് വേനലവധിക്കാണ് ഇത്തമാരും കുട്ടികളുമെല്ലാം വീട്ടിലെത്തുക. വീട്ടില് ഒമ്പതാമനായിരുന്നതിനാല് എനിക്ക് കുഞ്ഞിമ്മാന്നു വിളിപ്പേരു കിട്ടി. ഇവരെ കൂടാതെ അടുത്ത ബന്ധത്തിലുള്ള യത്തീമായ ഒരു കുട്ടി, അയല്പക്കത്തെ ദരിദ്രകുടുംബത്തിലെ ഇക്ക ഇവരെല്ലാം ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങളായിരുന്നു. പിന്നെ ഉപ്പായുടെയും ഉമ്മായുടെയും ഉമ്മമാരും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ സന്തുഷ്ട കുടുംബം.
ഉപ്പാക്ക് കടുത്ത പ്രമേഹമായതിനാല് നോമ്പെടുക്കാനാവുമായിരുന്നില്ല.ഞാന് ആദ്യമായി നോമ്പെടുക്കുന്നുണ്ടെന്നറിഞ്ഞപ്പോള് പ്രായപൂര്ത്തിയാവാത്ത കുട്ട്യോള്ടെ നോമ്പ് മാതാപിതാക്കള്ക്കുള്ളതാണെന്ന്
ഉപ്പ സന്തോഷത്തോടെ പറഞ്ഞു. ‘ഇന്െറ മോളെ നോമ്പ് ഉപ്പാക്കാണോ ഉമ്മാക്കാണോ’ന്ന് ചോദ്യത്തിന് എന്നും ഉപ്പക്കുട്ടിയായിരുന്ന എനിക്ക്, ഉപ്പാക്കെന്നു പറയാന് തെല്ലും ചിന്തിക്കേണ്ടിവന്നില്ല.
രാത്രിയില് ഉപ്പയും ആണ്കുട്ടികളെല്ലാവരും പൂമുഖത്തെ കോലായിലാണ് കിടക്കുക. രണ്ടര മൂന്നു മണിയാവുമ്പോഴാണ് അത്താഴത്തിനെഴുന്നേറ്റത്. ചൂടുചോറും ചുട്ടരച്ച ചമ്മന്തിയും കട്ടിത്തൈരും കൂട്ടി എല്ലാവരും ചോറുണ്ടു. സുബ്ഹ് ബാങ്ക് കൊടുക്കുന്നതുവരെ എല്ലാവരും കൂടിയിരുന്നു ഖുര്ആന് പാരായണം. ഇതിനിടയില് പഴവും തേങ്ങാപ്പാലും അവിലുംകൂട്ടി പിഴിഞ്ഞത് ഓരോ ഗ്ളാസ് കിട്ടും. ഏറ്റവുമാദ്യം ഖത്തം പൂര്ത്തിയാക്കുന്നവര്ക്ക് സമ്മാനവുമുണ്ടാവും.
ആദ്യത്തെ നോമ്പെടുത്ത ദിവസം രണ്ടു മണിവരെ ഒരുവിധം പിടിച്ചുനിന്നു. രാവിലെ മുതല് മാവിന്ചുവട്ടിലും കൊത്തങ്കല്ല് കളിക്കുന്നിടത്തും സജീവമായിരുന്ന ഞാന് ഉച്ചച്ചൂട് സഹിക്കാനാവാതെ തൊണ്ടവരണ്ട് ഒരിറ്റു വെള്ളത്തിനായി കൊതിച്ചു. വെള്ളം കിട്ടാതെ ഞാന് മരിച്ചുപോവുമോയെന്നൊരു ഭീതി എന്നെ തളര്ത്തി. വീട്ടിലെ രണ്ട് വല്യുമ്മമാര് തളര്ന്ന എന്െറ മുഖത്ത് നോക്കി ‘മോളതിനൊന്നും ആയില്ല. കുട്ട്യോള്ക്ക് ഉച്ചവരെ നോറ്റാല് മതി’യെന്നുപറഞ്ഞ് ആശ്വസിപ്പിച്ചു. രണ്ടു മണിയായപ്പോള് ഉമ്മ പറഞ്ഞു, ഇത്രനേരം നോമ്പെടുത്തില്ലേ, ഇനി കുറച്ചുനേരം കൂടിയല്ലേ, ഉമ്മാടെ പൊന്ന് നോമ്പെത്തിക്കൂന്ന്. വീണ്ടും കളിക്കൂട്ടത്തിലേക്ക് തിരിച്ചിറങ്ങിയ ഞാന് മൂന്നു മണിയായപ്പോള് കളിക്കിടയില് നിന്നോടിവന്ന് പുറത്തെ പൈപ്പില്നിന്ന് വെള്ളം ആര്ത്തിയോടെ കോരിക്കുടിച്ചു. ആ വെള്ളം ഇറങ്ങിപ്പോകുമ്പോള് ഞാനന്നുവരെ അനുഭവിക്കാത്ത തണുപ്പനുഭവപ്പെട്ടു. അന്നനാളത്തിലൂടെ അരിച്ചിറങ്ങുന്ന തണുപ്പ്. നോമ്പുമുറിച്ച എന്നെ നോക്കി, കൊടുംപാതകം ചെയ്തതുപോലെ നില്ക്കുന്ന കളിക്കൂട്ടത്തില് നിന്ന് ഒരു കുറുമ്പന് ‘അമലു നോമ്പുമുറിച്ചേ’ എന്നോളിയിട്ട് അകത്തേക്കോടി.
‘ഇത്രനേരം നോമ്പെടുത്തിട്ട്’ ഉമ്മാടെ സ്വരത്തിലെ നിരാശ എന്െറ കണ്ണുകളില് എരിവായി പെയ്തിറങ്ങി. രാവിലെ മുതല് കരുതിവെച്ച ഞാവല്പഴങ്ങള്, കാക്ക കൊത്തിയിട്ട മൂവാണ്ടന് മാങ്ങയുടെ മുറിച്ചുവെച്ച കഷണങ്ങള്, പഴുത്തൂര്ന്നുവീണ അയിനിച്ചക്കയുടെ മണ്ണാവാത്ത പഴം... പാത്രത്തില് മൂടിവെച്ചിരുന്നതെല്ലാം പുറത്തേക്കെറിഞ്ഞ്, ഞാന് പായയില് മുഖമമര്ത്തി കമിഴ്ന്നുകിടന്നു. ‘ഉപ്പപ്പ വന്നാല് അനക്കിന്ന് കിട്ടിക്കോളു’മെന്നുപറഞ്ഞ് കളിക്കൂട്ടങ്ങള് എന്നെ പേടിപ്പിച്ചു. ഉപ്പ അരികില് വന്നിരുന്ന് ‘ഉപ്പാടെ കൂലി പോയല്ലോ’ എന്നു പറഞ്ഞപ്പോള് ഞാനൊന്നൂടെ തേങ്ങി. ‘സാരോല്ല, ആദ്യത്തെ നൊമ്പല്ലെ, അതിത്രക്കൊക്കെ മതി’യെന്നു പറഞ്ഞ് തഴുകിയപ്പോള് ഞാനാ മടിയില് തലവെച്ചങ്ങനെ കിടന്നു. പിറ്റേന്നെന്നെ അത്താഴത്തിന് വിളിക്കണമെന്ന് ഉപ്പാനെ പറഞ്ഞേല്പിച്ച് കൈയിലടിച്ച് സത്യം ചെയ്യിച്ചാണ് കിടന്നുറങ്ങിയത്.
ഉപ്പ എന്നെ അത്താഴത്തിന് വിളിക്കുമ്പോള് ഉമ്മയും വല്യുമ്മമാരും ‘‘കുട്ടീനെക്കൊണ്ട് പറ്റൂല്ല, വെറുതെ അതിന്െറ ഉറക്കം കളയണ്ടാ’’എന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു. അത് കേട്ടപ്പോള് വാശിയോടെ ഞാന് ഉപ്പാടെ ചെവിയില് മന്ത്രിച്ചു.‘‘എന്െറ നോമ്പിന്െറ കൂലി ഉപ്പാക്കു മാത്രാട്ടോ. ഇന്നലെ ഞാന് ഉമ്മാക്കും കൂടി കിട്ടിക്കോട്ടേന്ന് വിചാരിച്ചേരുന്നു. ഇനി ഉപ്പാക്കു മാത്രം മതി’’.
പിറ്റേന്ന് ദാഹത്തേക്കാളും കത്തിക്കാളുന്ന വിശപ്പിനേക്കാളും എന്െറ ഉപ്പാക്ക് റബ്ബ് കൊടുക്കുന്ന സ്വര്ഗമെന്ന പൂങ്കാവനത്തെക്കുറിച്ചോര്ത്ത് ഞാന് വാശിയോടെ നോമ്പുപിടിച്ചു. ഉപ്പാനെ കാണാന് വന്ന വിരുന്നുകാരന് കൊണ്ടുവന്ന കമറുകട്ടക്കോ പഞ്ചാരമണലില് വീണുകിടക്കുന്ന മൂവാണ്ടന് മാങ്ങകള്ക്കോ എന്െറ തീരുമാനത്തെ ഇളക്കാനായില്ല. വൈകുന്നേരം മഗ്രിബ് ബാങ്കിന് ചെവിയോര്ത്ത് കോലായിലെ പായയില് ഒടിഞ്ഞുതൂങ്ങിയിരിക്കുമ്പോഴും ഉള്ളില് അണയാത്ത ഊര്ജമായിരുന്നു.
പതിനൊന്നാം വയസ്സില് ‘എന്െറ മക്കളെ കണ്ട് കൊതിതീര്ന്നില്ലല്ലോ എന്െറ റബ്ബേ’ എന്നു കേണുകൊണ്ടെന്െറ ഉപ്പ ഞങ്ങളെ വിട്ട് ഇഹലോകത്തില്നിന്ന് പോയശേഷം വന്ന ഓരോ റമദാനിലും ഞാനെന്െറ ഉപ്പാക്ക് സ്വര്ഗത്തിലൊരിടത്തിനായി കേണു, മുഴുവന് നോമ്പും എടുത്തു. പെരുന്നാള് തലേന്ന്, ‘‘ന്െറ മോള് നോമ്പെടുത്തതല്ലേ’’ എന്നു പറഞ്ഞ് ഉപ്പ തരാറുള്ള പുത്തനുടുപ്പ് ഇന്നില്ല. എന്െറ പതിനേഴാം വയസ്സില് ഒരു നോമ്പുകാലത്ത് പോരിശയാക്കപ്പെട്ട അവസാനത്തെ പത്തില് നോമ്പോടുകൂടി ഉമ്മയും ഈ ലോകത്തോട് വിടപറഞ്ഞു. അന്നുമുതല് ഓരോ നോമ്പിനും ഞാനെന്െറ ഉമ്മാക്കും ഉപ്പാക്കും വേണ്ടി ഒരുപോലെ പ്രാര്ഥിക്കാന് തുടങ്ങി.

Tags: