Pages

Monday 2 September 2013

സ്ത്രീ ജനനി

ഇരുൾ വീണ കിനാക്കളിൽ അഴലേ നീ
നഖമാഴ്ത്തി ,അള്ളി പിടിക്കുന്നതെന്തിനെ ?
നോവുന്നു മേലാകെ, വീർപ്പൊഴിഞ്ഞീല ഉദരം
പൊട്ടിപ്പിളരുന്ന വേദന പടരുന്നിതെമ്പാടും
കന്മഷമില്ലാത്ത പുഞ്ചിരി , നീയെത്ര ദൗർഭാഗ്യ
ഇനിയീ നോവുകൾ നിനക്കും പങ്കിടാം അളവേതു -
മില്ലാതെ ! ആദ്യത്തെ കണ്മണി പെണ്മണി
മുറുമുറുപ്പിൽ  ഒതുങ്ങീ പ്രതികരണങ്ങൾ
ഒന്നൊന്നായ്  വിടർന്നതൊക്കെയും പെണ്ദളങ്ങൾ
മുറുമുറുപ്പ്  കയ്യാങ്കളിയായ് ,അവസാന ഭാഗ്യപരീക്ഷയും
പരാജയം! ഇവിടെ തോറ്റത്  നീയോ ഞാനോ നമ്മളോ
പൂമുഖവാതിൽക്കൽ പുഞ്ചിരിക്കാൻ നീ വേണം
അവന്റെ രതിചൂടു മാറ്റാൻ ,അവന്റെ മക്കളെ പെറാൻ
അടുപ്പിലൂതാൻ പണിക്കുപോവാൻ എന്തിനുമേതിനും
എന്നിട്ടുമെന്തേ നിനക്ക് മാത്രം കുഴിമാടങ്ങൾ !!
മൂത്തത് രണ്ടും പെണ്ണ് ,ഇനിയത്തേത്  നോക്കിമതി
അതിനീല ലോഹിതരശ്മികളെറ്റവൾ ... ഇതും പെണ്ണാണ്
അള്ളിപിടിക്കുന്ന ചുറ്റിപിരിഞ്ഞ രുധിരനാളങ്ങൾ
അടർത്തി മാറുമ്പോൾ പ്രാണൻ പിരിയുന്ന വേദന
കുഞ്ഞേ എനിക്കു ചുറ്റും നിന് തേങ്ങൽ,നിസ്വനം
ഉറക്കമില്ലാ രാത്രികൾ..കൂർക്കം വലിച്ചു
നിൻ താതൻ അല്ലവൻ കാലൻ
ഇതൊന്നുമേയറിയെണ്ടാത്ത്തവൻ
 ജീവൻ തുടിപ്പുകൾ വീണ്ടുമുനർന്നപ്പോൾ
പറഞ്ഞീ ലാരോടും  ഇടവേളകളില്ലാ
വേഴ്ച്ച്ചകൾ അറിയേണ്ടവനോര്തീല
ഇതെന്റെ അറുത്തു മാറ്റപെട്ടവൾക്കായുല്ലൊരുദകക്രിയ
 മാസാമാറായ്   വീർത്ത വയർ  വീണ്ടും പരിശോധന
അടിപിടികൾ .. വിട്ടുകൊടുത്തീല നിൻ  ഉയിരിനെ
 എന്നുയിരിൽ  ചേർത്തണച്ചു ഞാൻ
നമ്മൾ രണ്ടല്ല ഇനിയെന്നും ഒന്നല്ലേ....
 പിണങ്ങി പോയവൻ ..നമ്മെ  ഉപേക്ഷിച്ചു
വേപഥു  വേണ്ട !  നമുക്ക്  നാം  മതി
പിടയാത്ത  മനസ്സും തോല്ക്കാത്ത്ത  മെയ്യും
 ചുറ്റിനുമാറ്  മിഴികളും   ജ്വലിക്കും തിരിനാളമായ്..











Tuesday 27 August 2013

ജലസമാധി

ഗർഭ പാത്രത്തിൽ വെള്ളം കുറഞ്ഞതിനാൽ
ഭൂലോകത്തെക്കെടുത്തെറിയപ്പെട്ടപ്പോൾ
പേറ്റു നോവോടൊപ്പമമ്മ പോയി,അമ്മിഞ്ഞ
പ്പാലിന്റെ മധുരമിറെണ്ട നാൾകളിൽ ഇറ്റിറ്റ്
വീഴുന്ന ജലകണികകൾക്കായ് ദാഹിച്ചിരുന്നു ഞാൻ
'വെള്ള 'മടിചേറി വരും , അച്ഛന്റെ തെറിപ്പാട്ടിനായ്
കാതോർത്തിരിക്കുമ്പോൾ മഴ പെയ്താൽ ചോരുന്ന
ഓലക്കീറുകൾക്കിടയിലൂടെ ആകാശച്ചെരുവിൽ
മയങ്ങും ദൈവത്തെ തിരഞ്ഞു ഞാൻ ....
വക്കു പൊട്ടിയ ഞെളുങ്ങിയ പാത്രങ്ങൾ
തികയാറില്ല ചോരുന്ന പുര കാക്കാൻ ..
ചേമ്പില കുടക്കീഴിൽ സ്കൂളിലേക്കോടുമ്പോൾ
നനഞ്ഞ കുപ്പായത്തിൻ മണമെന്നെ തനിച്ചാക്കി
പ്രണയപരവശനാം കൌമാരത്തിൽ മഴ കൊണ്ട്,
പാടത്തെ കുളത്തിൽ നീന്തിത്തിമിർത്തു ..
മഴക്കാലം തൊഴിലുറപ്പില്ലാത്ത വറുതിയുടെ
കോപത്താൽ , മഴയെ പഴിച്ച് മുണ്ട് മുറുക്കി..
കുളം മണ്ണിട്ട് നിറച്ച് മണിമാളികകൾ പണിയുമ്പോൾ
മുടങ്ങാതെ പണി കിട്ടിയതോർത്തേറെ ചിരിച്ചു ..
നാട്ടിലെ തോടും പാടോം  മണ്ണിട്ടടച്ച ഞാൻ ഇന്ന് ,
ഒന്നരാടം വരും പൈപ്പുവെള്ള ച്ചുവട്ടിൽ നായ് -
ക്കളെ പോലെ കടിപിടി കൂടി കുളിക്കാതെ നനക്കാതെ
പിന്നിട്ട വേനലുകളിൽ ചുണ്ടൊന്നു നനക്കാൻ വെള്ള-
ത്തിന്നായ് കിലോമീടറുകൾ തെണ്ടിയലഞ്ഞു  ഞാൻ!
വശമൊന്നു തളർന്നു പായിൽ ചുരുണ്ടു കിടന്നപ്പോൾ
വെള്ളം പിഴിഞ്ഞ തുണിയാലൊരു  തലോടലിന്നായ്
വെമ്പിയെങ്കിലും കടലാസുത്തുടകൾക്ക്  കീഴടങ്ങി
അവസാന തുള്ളി വെള്ളത്ത്തിന്നായ് കേണപ്പോൾ
ചുണ്ടു നനച്ച വെള്ളത്തിൽ ദുർഗന്ധപ്പെരുമഴ !!
എൻ അവസാന ജലക്രിയക്കു നിളയിലും മണൽ  മാത്രം!!

Amal's Henna


Amal's Henna


Amal's Henna


Amal's Henna


Monday 26 August 2013

സ്വര്ഗം തേടിയ നോമ്പുകള്


സ്വര്ഗം തേടിയ നോമ്പുകള്

സ്വര്ഗം തേടിയ നോമ്പുകള്
ഒരു മീനച്ചൂടിലാണ് ജീവിതത്തിലാദ്യമായി ഞാന് നോമ്പിനെ അറിഞ്ഞത്. അന്നെനിക്ക് അഞ്ചര വയസ്സ് പ്രായം. ഞങ്ങള് ഒമ്പതു മക്കളായിരുന്നു. മൂന്ന് ഇത്തമാരുടെ വിവാഹം കഴിഞ്ഞിരുന്നു. കല്ല്യാണം കഴിച്ചയച്ചത് ദൂരത്തേക്കായതിനാല് വേനലവധിക്കാണ് ഇത്തമാരും കുട്ടികളുമെല്ലാം വീട്ടിലെത്തുക. വീട്ടില് ഒമ്പതാമനായിരുന്നതിനാല് എനിക്ക് കുഞ്ഞിമ്മാന്നു വിളിപ്പേരു കിട്ടി. ഇവരെ കൂടാതെ അടുത്ത ബന്ധത്തിലുള്ള യത്തീമായ ഒരു കുട്ടി, അയല്പക്കത്തെ ദരിദ്രകുടുംബത്തിലെ ഇക്ക ഇവരെല്ലാം ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങളായിരുന്നു. പിന്നെ ഉപ്പായുടെയും ഉമ്മായുടെയും ഉമ്മമാരും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ സന്തുഷ്ട കുടുംബം.
ഉപ്പാക്ക് കടുത്ത പ്രമേഹമായതിനാല് നോമ്പെടുക്കാനാവുമായിരുന്നില്ല.ഞാന് ആദ്യമായി നോമ്പെടുക്കുന്നുണ്ടെന്നറിഞ്ഞപ്പോള് പ്രായപൂര്ത്തിയാവാത്ത കുട്ട്യോള്ടെ നോമ്പ് മാതാപിതാക്കള്ക്കുള്ളതാണെന്ന്
ഉപ്പ സന്തോഷത്തോടെ പറഞ്ഞു. ‘ഇന്െറ മോളെ നോമ്പ് ഉപ്പാക്കാണോ ഉമ്മാക്കാണോ’ന്ന് ചോദ്യത്തിന് എന്നും ഉപ്പക്കുട്ടിയായിരുന്ന എനിക്ക്, ഉപ്പാക്കെന്നു പറയാന് തെല്ലും ചിന്തിക്കേണ്ടിവന്നില്ല.
രാത്രിയില് ഉപ്പയും ആണ്കുട്ടികളെല്ലാവരും പൂമുഖത്തെ കോലായിലാണ് കിടക്കുക. രണ്ടര മൂന്നു മണിയാവുമ്പോഴാണ് അത്താഴത്തിനെഴുന്നേറ്റത്. ചൂടുചോറും ചുട്ടരച്ച ചമ്മന്തിയും കട്ടിത്തൈരും കൂട്ടി എല്ലാവരും ചോറുണ്ടു. സുബ്ഹ് ബാങ്ക് കൊടുക്കുന്നതുവരെ എല്ലാവരും കൂടിയിരുന്നു ഖുര്ആന് പാരായണം. ഇതിനിടയില് പഴവും തേങ്ങാപ്പാലും അവിലുംകൂട്ടി പിഴിഞ്ഞത് ഓരോ ഗ്ളാസ് കിട്ടും. ഏറ്റവുമാദ്യം ഖത്തം പൂര്ത്തിയാക്കുന്നവര്ക്ക് സമ്മാനവുമുണ്ടാവും.
ആദ്യത്തെ നോമ്പെടുത്ത ദിവസം രണ്ടു മണിവരെ ഒരുവിധം പിടിച്ചുനിന്നു. രാവിലെ മുതല് മാവിന്ചുവട്ടിലും കൊത്തങ്കല്ല് കളിക്കുന്നിടത്തും സജീവമായിരുന്ന ഞാന് ഉച്ചച്ചൂട് സഹിക്കാനാവാതെ തൊണ്ടവരണ്ട് ഒരിറ്റു വെള്ളത്തിനായി കൊതിച്ചു. വെള്ളം കിട്ടാതെ ഞാന് മരിച്ചുപോവുമോയെന്നൊരു ഭീതി എന്നെ തളര്ത്തി. വീട്ടിലെ രണ്ട് വല്യുമ്മമാര് തളര്ന്ന എന്െറ മുഖത്ത് നോക്കി ‘മോളതിനൊന്നും ആയില്ല. കുട്ട്യോള്ക്ക് ഉച്ചവരെ നോറ്റാല് മതി’യെന്നുപറഞ്ഞ് ആശ്വസിപ്പിച്ചു. രണ്ടു മണിയായപ്പോള് ഉമ്മ പറഞ്ഞു, ഇത്രനേരം നോമ്പെടുത്തില്ലേ, ഇനി കുറച്ചുനേരം കൂടിയല്ലേ, ഉമ്മാടെ പൊന്ന് നോമ്പെത്തിക്കൂന്ന്. വീണ്ടും കളിക്കൂട്ടത്തിലേക്ക് തിരിച്ചിറങ്ങിയ ഞാന് മൂന്നു മണിയായപ്പോള് കളിക്കിടയില് നിന്നോടിവന്ന് പുറത്തെ പൈപ്പില്നിന്ന് വെള്ളം ആര്ത്തിയോടെ കോരിക്കുടിച്ചു. ആ വെള്ളം ഇറങ്ങിപ്പോകുമ്പോള് ഞാനന്നുവരെ അനുഭവിക്കാത്ത തണുപ്പനുഭവപ്പെട്ടു. അന്നനാളത്തിലൂടെ അരിച്ചിറങ്ങുന്ന തണുപ്പ്. നോമ്പുമുറിച്ച എന്നെ നോക്കി, കൊടുംപാതകം ചെയ്തതുപോലെ നില്ക്കുന്ന കളിക്കൂട്ടത്തില് നിന്ന് ഒരു കുറുമ്പന് ‘അമലു നോമ്പുമുറിച്ചേ’ എന്നോളിയിട്ട് അകത്തേക്കോടി.
‘ഇത്രനേരം നോമ്പെടുത്തിട്ട്’ ഉമ്മാടെ സ്വരത്തിലെ നിരാശ എന്െറ കണ്ണുകളില് എരിവായി പെയ്തിറങ്ങി. രാവിലെ മുതല് കരുതിവെച്ച ഞാവല്പഴങ്ങള്, കാക്ക കൊത്തിയിട്ട മൂവാണ്ടന് മാങ്ങയുടെ മുറിച്ചുവെച്ച കഷണങ്ങള്, പഴുത്തൂര്ന്നുവീണ അയിനിച്ചക്കയുടെ മണ്ണാവാത്ത പഴം... പാത്രത്തില് മൂടിവെച്ചിരുന്നതെല്ലാം പുറത്തേക്കെറിഞ്ഞ്, ഞാന് പായയില് മുഖമമര്ത്തി കമിഴ്ന്നുകിടന്നു. ‘ഉപ്പപ്പ വന്നാല് അനക്കിന്ന് കിട്ടിക്കോളു’മെന്നുപറഞ്ഞ് കളിക്കൂട്ടങ്ങള് എന്നെ പേടിപ്പിച്ചു. ഉപ്പ അരികില് വന്നിരുന്ന് ‘ഉപ്പാടെ കൂലി പോയല്ലോ’ എന്നു പറഞ്ഞപ്പോള് ഞാനൊന്നൂടെ തേങ്ങി. ‘സാരോല്ല, ആദ്യത്തെ നൊമ്പല്ലെ, അതിത്രക്കൊക്കെ മതി’യെന്നു പറഞ്ഞ് തഴുകിയപ്പോള് ഞാനാ മടിയില് തലവെച്ചങ്ങനെ കിടന്നു. പിറ്റേന്നെന്നെ അത്താഴത്തിന് വിളിക്കണമെന്ന് ഉപ്പാനെ പറഞ്ഞേല്പിച്ച് കൈയിലടിച്ച് സത്യം ചെയ്യിച്ചാണ് കിടന്നുറങ്ങിയത്.
ഉപ്പ എന്നെ അത്താഴത്തിന് വിളിക്കുമ്പോള് ഉമ്മയും വല്യുമ്മമാരും ‘‘കുട്ടീനെക്കൊണ്ട് പറ്റൂല്ല, വെറുതെ അതിന്െറ ഉറക്കം കളയണ്ടാ’’എന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു. അത് കേട്ടപ്പോള് വാശിയോടെ ഞാന് ഉപ്പാടെ ചെവിയില് മന്ത്രിച്ചു.‘‘എന്െറ നോമ്പിന്െറ കൂലി ഉപ്പാക്കു മാത്രാട്ടോ. ഇന്നലെ ഞാന് ഉമ്മാക്കും കൂടി കിട്ടിക്കോട്ടേന്ന് വിചാരിച്ചേരുന്നു. ഇനി ഉപ്പാക്കു മാത്രം മതി’’.
പിറ്റേന്ന് ദാഹത്തേക്കാളും കത്തിക്കാളുന്ന വിശപ്പിനേക്കാളും എന്െറ ഉപ്പാക്ക് റബ്ബ് കൊടുക്കുന്ന സ്വര്ഗമെന്ന പൂങ്കാവനത്തെക്കുറിച്ചോര്ത്ത് ഞാന് വാശിയോടെ നോമ്പുപിടിച്ചു. ഉപ്പാനെ കാണാന് വന്ന വിരുന്നുകാരന് കൊണ്ടുവന്ന കമറുകട്ടക്കോ പഞ്ചാരമണലില് വീണുകിടക്കുന്ന മൂവാണ്ടന് മാങ്ങകള്ക്കോ എന്െറ തീരുമാനത്തെ ഇളക്കാനായില്ല. വൈകുന്നേരം മഗ്രിബ് ബാങ്കിന് ചെവിയോര്ത്ത് കോലായിലെ പായയില് ഒടിഞ്ഞുതൂങ്ങിയിരിക്കുമ്പോഴും ഉള്ളില് അണയാത്ത ഊര്ജമായിരുന്നു.
പതിനൊന്നാം വയസ്സില് ‘എന്െറ മക്കളെ കണ്ട് കൊതിതീര്ന്നില്ലല്ലോ എന്െറ റബ്ബേ’ എന്നു കേണുകൊണ്ടെന്െറ ഉപ്പ ഞങ്ങളെ വിട്ട് ഇഹലോകത്തില്നിന്ന് പോയശേഷം വന്ന ഓരോ റമദാനിലും ഞാനെന്െറ ഉപ്പാക്ക് സ്വര്ഗത്തിലൊരിടത്തിനായി കേണു, മുഴുവന് നോമ്പും എടുത്തു. പെരുന്നാള് തലേന്ന്, ‘‘ന്െറ മോള് നോമ്പെടുത്തതല്ലേ’’ എന്നു പറഞ്ഞ് ഉപ്പ തരാറുള്ള പുത്തനുടുപ്പ് ഇന്നില്ല. എന്െറ പതിനേഴാം വയസ്സില് ഒരു നോമ്പുകാലത്ത് പോരിശയാക്കപ്പെട്ട അവസാനത്തെ പത്തില് നോമ്പോടുകൂടി ഉമ്മയും ഈ ലോകത്തോട് വിടപറഞ്ഞു. അന്നുമുതല് ഓരോ നോമ്പിനും ഞാനെന്െറ ഉമ്മാക്കും ഉപ്പാക്കും വേണ്ടി ഒരുപോലെ പ്രാര്ഥിക്കാന് തുടങ്ങി.

Tags: 

Saturday 17 August 2013

എന്റെ വീട്

എന്റെ വീട്..ഞാൻ അടക്കം പലരും പിറന്നു വീണ വീട്..ഒന്പത് മക്കളുള്ള എന്റെ  ഉമ്മാടെ ഈറ്റു നോവിന്റെ  വേദനകൾ ഏറെ കേട്ട വീട്..കുഞ്ഞു മക്കളുടെ കരച്ചിലുകൾ ,ബാല്യ കുതൂഹലങ്ങൾ ,കൗമാര തിമിർപ്പുകൾ  ,യൗവനത്തിന്റെ തീക്ഷ്ണത ,വാർധക്യത്തിന്റെ ആവലാതികൾ  ഇതെല്ലാം ആ വീടിനെ എത്രത്തോളം മുഖരിതമാക്കിയിരിക്കും..ഇന്നത്തെ കുട്ടികൾക്ക്  ചിരപരിചിതമല്ലാത്ത നടുവകം ,ഉമ്മറം,തിണ്ണ ,പൂമുഖം,മച്ചിന്റകം ,ഇടനാഴിക,വടക്കിനി ,കോലായി ,കോണിച്ചോട്  ,വീതന ,ഓവ് ...അങ്ങനെയങ്ങനെ പോകുമാ വീടിനെ പരിചയപെടുത്താൻ ഉപയോഗിക്കുന്ന പദാവലി ..


ഇന്നത്തെ പോലെ നിറഞ്ഞ സൂര്യപ്രകാശം കടന്നുവരുന്ന അകത്തളങ്ങൾ അല്ലായിരുന്നു...ഇരുട്ട് മൂടി കിടക്കുന്ന ആ മുറികൾ ഞങ്ങളുടെ പല കുസൃതികൾക്കും  സാക്ഷ്യം വഹിച്ചിട്ടുണ്ട് ..മച്ചിന്റകത്തെ പത്തായത്തിൽ ആരും കാണാതെ ഉമ്മ പഴുക്കാൻ വെച്ചിരുന്ന പഴക്കുല ഉമ്മ അറിയാതെ എടുത്ത് തിന്നു പഴത്തൊലി മാത്രം പത്തായത്തിൽ ശേഷിച്ചത് കണ്ട് ..അന്തം  വിട്ടിരുന്ന ഉമ്മാനെ നോക്കി കുസൃതിച്ചിരി ചിരിച്ച വയറാവു .. വേലക്കാരുടെ പ്രണയ ചാപല്യങ്ങൾ ..വെല്ലിമ്മാടെ ദിക്റുകൾ..അന്നത്തെ ഓരോ വൈകുന്നേരത്തിനും ഭക്തിയുടെ നിറമായിരുന്നു കൂടുതൽ..പടിഞ്ഞാറേ പറമ്പിലെ പാമ്പും കാവിൽ വിളക്ക്  വെക്കാൻ വരുന്ന അപ്പുറത്തെ ചേച്ചിയുടെ ദീപം ദീപം എന്നാ മന്ത്രണവും ..ഞങ്ങളുടെ ഖുറാൻ ശീലുകളും ഒരുമിച്ച് അന്തരീക്ഷത്തിൽ അലയടിക്കും..മുനിഞ്ഞു കത്തുന്ന ചിമ്മിനിയുടെ പ്രകാശത്തിൽ കുട്ടികൾ പഠിക്കുമ്പോൾ വൈകുന്നേരത്തെ പണിയൊക്കെ ഒതുക്കി കുളിച്ച്  അടുത്ത വീട്ടിലെ ചേച്ചിമാരിൽ  നിന്നും വാങ്ങി കൊണ്ടുവന്ന മാസികകളും വാരികകളും നോവലുകളും വായിക്കുന്ന തിരക്കിലാവും മുതിർന്നവർ..

മകര മാസത്തിലെ തണുപ്പിനോടൊപ്പം  പറമ്പ് നിറയെ ഓല വെട്ടിയിട്ടിട്ടുണ്ടാവും..വൃശ്ച്ചിക  കാറ്റിനോടൊപ്പം വീണു കിടക്കുന്ന കണ്ണിമാങ്ങകൾ..അവ പെറുക്കി കൂട്ടി നാലായരിഞ്ഞ്  ഉപ്പും മുളകും ഇത്തിരി വെളിച്ചെണ്ണയും തൂവി ,പച്ചോല മടലുകൾ ചേർത്തുവെച്ചുണ്ടാക്കിയ ഉണ്നിപ്പുരയിൽ 
വലിഞ്ഞ്  കേറി തിന്നുമ്പോൾ ആ ഉണ്നിപ്പുരയെക്കാൾ വലുപ്പം മറൊന്നിനുമുണ്ടായിരുന്നില്ല ..
മെടഞ്ഞ ഓലകൾ താളത്തിൽ മേലോട്ടിടുമ്പോൾ അതു പിടിച്ചെടുത്ത് ,അരയിൽ  കെട്ടിവെച്ച  കൊതുമ്പു നാരുകളാൽ  താളത്തിൽ വേഗത്തിൽ കെട്ടിയുരപ്പിക്കുമ്പോൾ പലപ്പോഴും ഞാൻ അന്തം  വിട്ട നോക്കി നിന്നിട്ടുണ്ട്..പുരകെട്ട്  കഴിഞ്ഞാൽ ശർക്കരയും തെങ്ങയുമെല്ലാം ചേർത്തൊരു "കറി " കുടിക്കാൻ കിട്ടും..ഈ പായസത്തിനെന്താണ് കറിയെന്ന്  പറയുന്നതെന്ന് എന്നിലെ ഭാഷാ സ്നേഹി ഒത്തിരി തവണ ചിന്തിച്ചിട്ടുണ്ട്.. 
ഓരോ വേനലവധികളും ആ വീടിനെ കോരിത്തരിപ്പിച്ചു..ഓരോ മാമ്പഴകാലത്തും പച്ചയും പഴുത്തതുമായ നിരവധി മാങ്ങാ ചാക്കുകൾ...അണ്ടി മാത്രമായി ആ മുറികളിലൂടെ പിന്നിലെ തോട്ടിരംബിലേക്ക്  വലിച്ചെറിയപ്പെട്ടു..പഴുത്ത ചക്കയുടെ നറും മണവും..കശുമാങ്ങയുടെ ചുണ 
പറ്റി പൊള്ളിയ കവിൾത്തടങ്ങളും ഓരോ വേനലിലും മാറികൊണ്ടിരുന്നു..
എത്ര എത്ര കല്യാണങ്ങൾ..സദ്യവട്ടങ്ങൾ ..
ഞാൻ കോളേജു വിട്ട് വീട്ടിലെത്താൻ ഇത്തിരി താമസിച്ചാൽ കത്തുന്ന നെഞ്ജോടെ മുന്നിലെ മുള ക്കൂട്ടത്തിന്നടുത്ത്  എന്നെ കാത്ത് നിന്നിരുന്ന എന്റെ  ഉമ്മാനെ ഞാൻ എത്ര കളിയാക്കിയിട്ടുണ്ട്..ഇന്നീ മണൽക്കാട്ടിൽ മക്കള്ടെ സ്കൂൾ ബസ് വരാൻ ഇത്തിരി വൈകുമ്പോൾ ഏതോ ലോകത്തിരുന്നു ഉമ്മയെന്നെ കളിയാക്കി ചിരിക്കുന്നതായെനിക്ക് തോന്നാറുണ്ട്..

വെല്ലിമ്മ,ഉമ്മ,ഉപ്പ...ഒക്കെ മരിച്ചിറങ്ങി  പോയ വീട്..ഇന്നാ വീടില്ല..എങ്കിലും ഏഴു കടലുകൾക്ക്  ഇപ്പുറത്തിരുന്നു  ഞാൻ  ഓർക്കാറുണ്ട് ..സ്കൂൾ വിട്ട്  ഓടി വരുന്ന എന്നെ കാത്തിരുന്ന  എന്റെ ഉപ്പാനെ..ഓരോ വേനലവധിക്കും വന്നിരുന്ന ഇത്തമാര്ക്കും കുട്ടികൾക്കുമായി  പലഹാരങ്ങളുമായി കാത്തിരുന്ന എന്റെ ഉമ്മ  ഇന്നുമാ വീടിന്റെ ഉമ്മറപ്പടിയിൽ ഞങ്ങളെ കാത്തിരിക്കുന്നുണ്ടാവുമോ ?

Monday 24 June 2013

ഇ സൗഹൃദങ്ങള്

രാവിലെ  എല്ലാവരും പോയികഴിഞ്ഞപ്പോള് അവള് വീണ്ടും കിടക്കയില് ചുരുണ്ടുകൂടി.ഉഴുതു മറിച്ച്ചിട്ട കിടക്കവിരി ശരിയാക്കാന് പോലും മിനക്കെടാതെയുള്ള കിടപ്പ്..അച്ചനോ അമ്മയോ അടുത്തുണ്ടെങ്കില് അവരിത് കണ്ടാല് ഒരുപാടത്ഭുതപെട്ടേനേ..ഒരു കുഞ്ഞു ചുളിവ് പോലുമില്ലാതെ കിടക്കയും ഒരു നുള്ള് പൊടി പോലുമില്ലാതെ മുറിയും സൂക്ഷിച്ച്ചിരുന്നവള്.അവള് വീണ്ടും ഐ പാഡിന്റെ ബട്ടനമര്ത്തി.ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള നിരവധി സന്ദേശങ്ങള്,ചിത്രങ്ങള്,വാര്ത്തകള്..ചിലതൊക്കെ കണ്ണിലുടക്കി.തുറന്നു നോക്കിയത് മുഴുവനാക്കാതെ പലപ്പോഴും അടച്ചു.
"നിങ്ങളുടെ ശരിക്കുള്ള ഫോട്ടോയാണോ പ്രൊഫൈലില് കാണുന്നത്?"
ചോദിച്ച്ചിരിക്കുന്നതാരാനെന്നു നോക്കി.ഒറ്റ നോട്ടത്തിലെ അറിയാം അവനൊരു പഞാരകുഞ്ചുവാനെന്നു..മനസ്സില് തികട്ടി വന്ന അമര്ഷം അടക്കി അവള് ലൈക് ബട്ടണില് അമര്ത്തി.വരികളിലൂടെ ചിരിച്ചും കൊഞ്ചിയും ദേഷ്യപെട്ടും പിണങ്ങിയും ഇണങ്ങിയും ഒളിച്ചു കളിച്ചും ഒരു കുഞ്ഞു കുട്ടിയെപ്പോലെ സന്തോഷിച്ചുകൊണ്ടവള് മുഖ പുസ്തകത്തില് പടര്ന്നു കയറി.ഏറെ നാളായവള് വസ്ത്രങ്ങള് അടിച്ചു നനച്ചിട്ട് ..കല്ലില് അമര്ത്തി ഉരച്ച് തിരുമ്പാതേ ഷര്ട്ടിന്റെ കോളറില് ചളി അടിഞ്ഞു കൂടിയിരിക്കുന്നു .കുടംപുളി ഇട്ടു മീന്കറി വെച്ചിട്ടും കാലമേറെയായി.
ഉച്ചക്കയാള് ഊണു കഴിക്കാന് വന്നപ്പോളവള് വീണ്ടും പുതപ്പിനുള്ളിലേക്ക് നുഴഞ്ഞു കയറി.കത്തുന്ന തലവേദനയെന്ന് പറഞ്ഞ് നെറ്റിയമര്ത്തി കിടക്കുമ്പോള്,അയാള് ഫ്രീസറില് നിന്നെടുത്ത ബര്ഗറും ബണ്ണും ചൂടാക്കുകയായിരുന്നു.പതിഞ്ഞ സ്വരത്തില് പല്ലിറുമ്മി കൊണ്ടയാള് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.അവളതു കേള്ക്കാത്തത് പോലെ ഉള്ളിന്റെയുള്ളില് ഊറിച്ചിരിച്ചു.കുമിഞ്ഞുകൂടിയ എച്ചില്പാത്രങ്ങളുടെയും കൂട്ടിയിട്ട മുഷിഞ്ഞ തുണികളുടെയും രൂക്ഷഗന്ധം അയാളെ വേഗം വീട്ടില് നിന്നോടിച്ചു.
സ്കൂള് വിട്ടു വന്ന മക്കള് എന്നത്തെയും പോലെ അമ്മക്കസുഖമാണന്ന് കണ്ടപ്പോള് അമ്മ പണ്ട് ഉണ്ടാക്കി തന്നിരുന്ന പലഹാരങ്ങളുടെ ഓര്മകളില് വേപഥ്പൂണ്ട് , തണുത്തുവിറങ്ങലിച്ച ബന്നെടുത്തു കടിച്ചു.കുഞ്ചു  ആദ്യ കടി കടിച്ച്ചപ്പോഴേ ബന്നെടുത്ത് കുപ്പത്തൊട്ടിയിലേക്ക്  വലിച്ചെ റി ഞ്  പ്ലേറ്റ്  കൈ കൊണ്ട്  തട്ടിയെറി ഞ്  കാലു കൊണ്ട്  ചുമരിൽ ആഞ്ഞു ചവിട്ടി അകത്തെ മുറിയിലെ പുസ്തക കൂമ്പാരതിനിടയിലേക്ക്  നിറഞ്ഞ മിഴികളെ ഒളിപ്പിച്ചു ..
അവളപ്പോഴും രാവിലെ വന്ന ഫെമിനിസ്റ്റിന്റെ കമന്റിന്റെ താഴെ  പുരുഷകേസരികൾ നടത്തിയിരുന്ന വാചാടോപത്തെക്കുറിചോര്ക്കുകയായിരുന്നു .കുറിക്കു കൊള്ളുന്ന ഒരുത്തരമെഴുതാൻ ചില സമയത്ത് തനിക്കാവുന്നില്ലലോ എന്നോര്തവൾ പരിഭ്രമിച്ചു .പുതപ്പിന്നടിയിൽ കിടന്നവൾ അമേരിക്കയിലുള്ള എമിലിയുടെ പൂച്ചകുട്ടിയുടെ വയറിളക്കത്തെകുറിച്ച്  അന്യേഷിച്ചു ..മാറാനുള്ള ഒറ്റമൂലി പറഞ്ഞു കൊടുത്തു .പലസ്തിനിലെ കുട്ടികൾക്ക്  വേണ്ടി കരഞ്ഞു.ഭർത്താവിനെ നോക്കാത്ത സിനിമാനടിയുടെ ചെയ്തികൾകെതിരെ ഘോരഘോരം പ്രസംഗിച്ചു .സദാചാരമൂല്യങ്ങൾ കാറ്റിൽ പറത്തിയവർക്കെതിരെ ക്ഷോഭിച്ചു .
രാതിയിലയാൾ  അടുത്ത് വന്നു കിടന്നപ്പോലവൾ  തെല്ലകന്നു കിടന്നു .അടുത്തടുത്ത്  കിടക്കുമ്പോഴും തങ്ങള്  രണ്ട്  ഒറ്റപ്പെട്ട തുരുത്തുകൾ ആയിരിക്കുന്നല്ലോ എന്നവൾ അദ്ഭുതപെട്ടു.കാച്ചിയ വെളിച്ചെണ്ണയുടെ മണമുള്ള മുടിയിഴകൾക്കിടയിൽ മുഖമമർത്തി അവളുടെ താമരഗന്ധമാസ്വദിച്ച  നാളുകളെ കുറിച്ചോർക്കുകയായിരുന്നു അയാളപ്പോൾ .കാച്ചെണ്ണയുടെ മണമോര്തോര്ത് അയാൾ  ഉറങ്ങിപോയി ..അപ്പോഴുമവൾ രാവിലെ വന്ന പോസ്ടിനെഴുതേണ്ട കുറിക്കു കൊള്ളുന്ന ഉത്തരത്തെക്കുറിച്ചോർത്ത്  തല പുകക്കുകയായിരുന്നു ...

Sunday 12 May 2013

ഗമനം


അന്ന നരച്ച മുടിയിഴകള്ക്കു മീതെ സാരി ഒന്ന് കൂടി മൂടിപുതച്ച് ശബ്ദം കേള്പിക്കാതെ ധൃതിയില് പടികള് ഇറങ്ങി .കൈകള് തണുത്ത്  വിറങ്ങലിച്ചിരുന്നു  ..കാലുകള് വിചാരിച്ചത് പോലെ നീങ്ങുന്നില്ല..പ്രമേഹ രോഗിയെപ്പോലെ തൊണ്ട വരണ്ടുണങ്ങിയിരുന്നു..എത്ര നാളുകളായി ആലോചിച്ചെടുത്ത തീരുമാനമാണ്.കുന്നിറങ്ങി പള്ളിമേട പിന്നിട്ടാല് ,ബസ് സ്റൊപ്പിലെത്തും .കൂട്ടുപാതയില് നിന്നെപ്പോഴും നഗരത്തിലേക്ക് ബസ്സുണ്ട്.ഇനിയൊരു മണിക്കൂറെയുള്ളൂ..അതിന്നകം അവിടെയെത്തണം..കമ്പിളിപുതപ്പെടുത്തോ?
ഗ്യാസ് ഓഫാക്കിയോ?ഒരാധി മറൊരാധിക്ക് വഴി മാറി .അതിനു ഞാനിന്നു അടുക്കളയില് കയറിയതെയില്ലല്ലോ!!മനസ്സിനെ ശാസിച്ച് നടപ്പിന്റെ വേഗം കൂട്ടുമ്പോള് ഉള്ഭയത്തോടെ അന്ന തിരിഞ്ഞുനോക്കി.പരിചയക്കാരാരെങ്കിലും കണ്ടാല് ..പിന്നെ ചോദ്യങ്ങളുടെ ബഹളമായിരിക്കും..ഇത്ര കാലത്തേ എങ്ങോട്ടാ?അന്യന്റെ കാര്യങ്ങളറിയാനാണല്ലോ നമുക്കെന്നും ഏറെ പ്രിയം.മക്കളെണീറ്റു നോക്കുമ്പോള് തന്നെ കാണാതിരുന്നാല് അവരുയര്ത്തുന്ന പൊല്ലാപ്പോര്തത് വേഗം കൂട്ടിയപ്പോള് കാലൊരു കല്ലില് തട്ടി ചോര പൊടിഞ്ഞു .ചോര വാര്ന്ന ഹൃദയത്തിനകത്തിരുന്നു ആരോ മന്ത്രിക്കുന്നു ..
"അന്നേ,നീയിതെന്തൂട്ടാ കാണിക്ക്ന്ന്? എവിടെക്കാപ്പോ?നെനക്കെന്താ പ്രാന്തായറെ?"
"ഇല്ല അപ്പാ ..എന്നെ വിളിക്കരുത്.മനസ്സിലിരുന്നെന്നെ തിരിച്ച് വിളിക്കരുത്..എനിക്ക് പോണം ..ഇന്ന് വരെ ഞാന് കാണാത്ത വഴികളിലൂടെ.."
  പിന്നില് നിന്നടിച്ച്ച വെളിച്ചത്തില് അന്ന വിളറി വെളുത്തു..അടുത്തടുത്ത് വരുന്ന ബൈക്കിന്റെ ശബ്ദ വെളിച്ച വിന്യാസത്തില് കാലുകളനക്കാനാവാതെ കല്പ്രതിമ പോലെ അന്ന നിന്നു.പുലര്ക്കാലത്ത് ,മാര്കെറ്റില് നിന്നും മീനെടുക്കാന് പോവുന്നേതോ മീന്കാരന്റെ വണ്ടിയാനതെന്നു പിന്നിലെ നീലിച്ച ഐസ് പെട്ടി കണ്ടപ്പോള് മനസ്സിലായി.വിലങ്ങിയ ശ്വാസം തിരിച്ച്ചെടുത്തവള്,സാരി കൂട്ടിപ്പിടിച്ച് ധൃതിയില് ഓടാന് തുടങ്ങി.ചെറുപ്പത്തിലേ കൂടെ കൂടിയ  ശ്വാസംമുട്ടിന്റെ വള്ളികള് അവളെ ഇറുകെ പ്പുണര്ന്നു .കയ്യിലെ സഞ്ചി ക്ക്  അമിത ഭാരമുന്ടെന്നു തോന്നിയവള്ക്ക് .ഈ യാത്രക്ക് ഇത്രയും ഭാരം വേണമായിരുന്നോ?എല്ലാ ഭാരങ്ങളും ഇറക്കി വെച്ചൊരു യാത്രയല്ലേ വേണ്ടിയിരുന്നത്.
"അതിനുള്ള പ്രായക്കെ ആയെട്യെ നിനക്ക്?ത്ന്തൂട്ടാന്റെ അന്ന്യേ..നീ കുടുംബത്ത്ക്കാ  തിരിച്ച്  പോണുണ്ടാ.."
"ഇല്ല അപ്പാ എനിക്ക് പോണം"
"തറവാട്ടീ പെറന്ന പെണ്ണുങ്ങള് ചെയ്യുന്നതാണോട്യേ അന്നേ ഇദ്..നീയങ്ങ് പോയെട്യേ പെണ്ണേ..അവള്ടൊരു സഞ്ചി.."
അന്ന ആകാശത്തൂടെ അവളോടൊപ്പം സഞ്ചരിക്കുന്ന അപ്പനെ നോക്കി ഒരു നിമിഷം ഉത്തരം മുട്ടിയപ്പോലെ നിന്നു.പിന്നെ ഉറച്ച കാല്വെപ്പുകളോടെ നടന്നു.മെല്ലെ പിറുപിറുത്തുകൊണ്ട് ..
"എനിക്ക്  പോണമപ്പാ അപ്പന് കാണിച്ചു തരാത്ത കാടും മേടും കുന്നും കാണാന്....."

Tuesday 19 February 2013

ആകാശയാത്ര

ആകാശയാത്ര 

ആര്ത്തിരമ്പിടും വിമാനത്തിലേറിയതിന്  
ചില്ലുജാലകത്തിലൂടകലേക്കുറ്റു   നോക്കുമ്പോള് 
മുട്ടിയുരുമ്മും ധവള കാര്വര്ണങ്ങള് ഇട  
 കലര്ന്നീടും മേഘക്കീറുകള് .. പെയ്യാന് 
വെമ്പിനില്ക്കും മഴമേഘതുണ്ടുകള് 
മനസ്സിലൊരായിരം .. കാര്മേഘതുണ്ടുകള് 
കുട്ടി കൈവിട്ട പട്ടം കണക്കെന് മനം 
ലകഷ്യമില്ലാതലയുന്നു .. തിരിഞ്ഞോടുന്നു 
മഴ! തുള്ളിക്കൊരുകുടം പേമാരിയില് 
അമ്മതന് ചിറകിന് കീഴില് നനയാതിരുന്നവന് 
വെള്ളമിറ്റിറ്റു വീഴും ഓലക്കീറിന്നിടയില് 
മാനം കണ്ട് പേടിച്ചള്ളി പിടിക്കുമ്പോള് 
നെഞ്ചോട് ചേര്ത്തമ്മ മെല്ലെ കുറുകി .. 
മുണ്ടു മുറുക്കിയുടുത്തമ്മ .. സങ്കടകടലുകള് താണ്ടി 
നാലു വര്ഷത്തോളം അമ്മതന് നെഞ്ചിന് മധുര 
മുണ്ട്,ആ ചൂടേറ്റ് പറ്റികിടന്നു ഞാന് 
തല കുത്തി വീഴാറായൊരു സ്കൂളില് 'തല'
 തികക്കാനായ് അമ്മയില് നിന്നടര്ത്തി .. 
കാത്തിരുന്നു ഞാന് സായംസന്ധ്യക്കായ് 
കഥ കേട്ട് ,അമ്മിഞ്ഞയുണ്ണാന്  അമ്മ തന് 
ഗന്ധത്തിലേറാന് ,ആ സ്നേഹത്തിലലിയാന് 
ഒത്തിരി പാത്രങ്ങള് ,മുഷിഞ്ഞ തുണികള് 
തേച്ചു വെളുപിച്ചമ്മ .. എന്നെ ഉയരത്തിലേറ്റാന് .. 
നേടിയ ബിരുദങ്ങള് പേറിയലഞ്ഞു ഞാന് 
കിട്ടീല വൈറ്റ് കോളര് .. അമ്മക്ക് ദുരിതം !!

ആധാരം ബാങ്കിലായ് .. കന്നി  ആകാശ സഞ്ചാരം 
രാവിന് നിശബ്ദദതയില് ,നിദ്ര തന് നിശീഥിനിയില് 
മകനെകുറിചേറും  നോവോടെ നെഞ്ച് പൊട്ടി,
മരണത്തിലേക്ക് നടന്നു പോയളമ്മ  ആകാശതേരേറി .. 
തികച്ചീല ടാര്ജെറ്റ് .. അടിയന്തിര ലീവില്ല .. ഉന്മാദാ -
വസ്ഥയില് പൊട്ടി കരഞ്ഞു .. പൊട്ടിതെറിച്ചു .. 
ഒടുക്കം രാജിക്കത്ത് വലിച്ചെറിഞ്ഞ് ഉദാരരുടെ 
തണലില് തരപ്പെടുത്തീ ആകാശയാത്രക്കൊരു ടിക്കറ്റ് 

തണുത്തു വിറങ്ങലിച്ച എന്നമ്മ തന് ശരീരത്തിലിനി 
എന്നിലേക്കുതിര്ക്കാന് വാത്സല്യ ചൂടില്ല അമ്മ തന് 
തണ്പ്പകറ്റാന് വാങ്ങിയ കമ്പിളി പുതപ്പോന്നൂടെ നെന്ചോ
ടമര്ത്തി ഞാന് .. തുളുമ്പും മിഴികള് പാതി ചിമ്മി 
മട്ടുപ്പാവിലിരുന്നെന് മക്കളെ താലോലിക്കും അമ്മ !!
അമ്മയെ പരിചരിക്കാന് വേലക്കാര് .. അതിന്നായ് 
പശിയടക്കി ,ആത്മാഭിമാനം പണയപ്പെടുത്തി 
ഉതിര്ത്തൂ വിയര്പ്പു തുള്ളികള് .. സുഖമെന്നൊരായിരം 
വട്ടമാവര്തിച്ചിട്ടും എന് നിസ്വനത്തില് നിന്നൂഹിച്ചോ അമ്മ!!
മകനെകുറിചേറും  നോവോടെ നെഞ്ച് പൊട്ടി,
മരണത്തിലേക്ക് നടന്നു പോയള്ളമ്മ ആകാശതേരേറി ..

ഞരക്കങ്ങള് .. ഞെട്ടലുകള്, ഗര്ത്തങ്ങളില് 
നിപതിച്ചും ഉയര്ന്നു താഴ്ന്നും  കുലുങ്ങി വിറച്ചും 
കുഞ്ഞുകരച്ചിലുകള് , ആക്രോശങ്ങള് പരാക്കുകള് 
പ്രാര്ത്ഥനകള് മിഴി പൂട്ടി ഞാന് അമ്മയെ ധ്യാനിച്ചു 
മകന്നായ് കാത്തിരിക്കും വിറങ്ങലിച്ച ദേഹം !!
കടന്നു പോയ് മണിക്കൂറുകള് തര്ക്കങ്ങള് തുടരവേ -
പരസ്പരം പഴി ചാരി പൈലറ്റും യാത്രക്കാരും 
വെറുങ്ങലിചോരാദേഹമോ കോര്പ്പരേഷന് വണ്ടിക്കാര് 
തൂക്കിയെടുതൂ പൊതുശ്മശാനതിലേക്കായ് 
അവസാന കൊള്ളി വെക്കാനിടം നിഷേധിച്ചവര് 

മകന്റെ കൈയ്യാല് ഉദകക്രിയ ലഭിക്കാതെ അനാഥ
ശവമായ് എന്നമ്മ .. പൊട്ടിക്കരയാനായീല വയറ്റില് 
നിന്നുരുണ്ട് പൊങ്ങീ ... ആവോളം ചരദിച്ചൂ 
ഞാനിന്നോളം കുടിച്ച വാത്സല്യ മുലപ്പാല് !!



Saturday 16 February 2013

എന്റെ വിലാപം


എന്റെ വിലാപം 

കുഞ്ഞേ , നിര്ത്തു നിന് ഗദ്ഗദം 
നനയും കപോലങ്ങള് തഴുകി തലോടി 
അമ്മ നെഞ്ചോടമര്ത്തി പതിയെ 
ചെവിയില് മന്ത്രിച്ചൂ ..പിന്നെ വാങ്ങിത്തരാം 
കിട്ടാ കളിപ്പാട്ടതിന്നോര്മയില് വിതുമ്മി  
ചെറ്റൊന്നുനര്ന്നാക്രോഷിച്ചവന് ..
തനിക്കാംപൊരുത്തതില്  പ്രമത്തനാമവന് 
നിര്ത്തീല തെല്ലും ഹിതോക്തിയോതി വലഞ്ഞവള് 

ഓര്ത്തോര്ത്ത്  വിതുമ്മുന്ന കുഞ്ഞുടലില് 
നിന്ന് കൈകലെടുത്തമ്മ ഐ ഫോണില് പാസ് -
വേര്ഡില് വിരലൊന്നു ചുഴറ്റി ,യുട്യുബെടുത്തു 
ഗാസ അക്ഷരശ കോറിയിട്ടതും അനേകം 
കരച്ചിലുകള് ഉയരുന്നു ഫോണില് ,രക്തച്ചവി 
പടരും മുഖകമലം,വീണടിയും കൂമ്പാരനടുവില് 
കരയാന് മറന്നു പോം വിറങ്ങലിച്ച മിഴികള് ..
ചുറ്റിലും നിര്ത്താത്ത  രോദനം.. തെല്ലോന്നടങ്ങിയവന് ..
പുതു കാഴ്ച്ചകളില് കുഞ്ഞിന് കൗതുകത്തോടെ 
കണ് നട്ടിരിക്കുമ്പോള് സോമാലിയ തന് വിശപ്പും, 
സിംഹള കുഞ്ഞിന് മിഴിയിലെ ഭീതിയും ,ഇറാക്കിലെ 
കുഞ്ഞുകരച്ചിലും,മലാല യുടെ ചേര്ത്ത് കെട്ടിയ 
ശിരസ്സും പലസ്തീനിലെ,വിയറ്റ്നാമിലെ ,ജപ്പാനിലെ,
പുതിയതും പഴയതുമാം നിരവധി കുഞ്ഞു- 
തേങ്ങലുകളില് സ്വയം മറന്നിരുന്നവന്.. 
കരയാന് മറന്നവന് ..അമ്മമാര് കരയുന്നതറിയാതെ !!