Pages

Sunday 12 May 2013

ഗമനം


അന്ന നരച്ച മുടിയിഴകള്ക്കു മീതെ സാരി ഒന്ന് കൂടി മൂടിപുതച്ച് ശബ്ദം കേള്പിക്കാതെ ധൃതിയില് പടികള് ഇറങ്ങി .കൈകള് തണുത്ത്  വിറങ്ങലിച്ചിരുന്നു  ..കാലുകള് വിചാരിച്ചത് പോലെ നീങ്ങുന്നില്ല..പ്രമേഹ രോഗിയെപ്പോലെ തൊണ്ട വരണ്ടുണങ്ങിയിരുന്നു..എത്ര നാളുകളായി ആലോചിച്ചെടുത്ത തീരുമാനമാണ്.കുന്നിറങ്ങി പള്ളിമേട പിന്നിട്ടാല് ,ബസ് സ്റൊപ്പിലെത്തും .കൂട്ടുപാതയില് നിന്നെപ്പോഴും നഗരത്തിലേക്ക് ബസ്സുണ്ട്.ഇനിയൊരു മണിക്കൂറെയുള്ളൂ..അതിന്നകം അവിടെയെത്തണം..കമ്പിളിപുതപ്പെടുത്തോ?
ഗ്യാസ് ഓഫാക്കിയോ?ഒരാധി മറൊരാധിക്ക് വഴി മാറി .അതിനു ഞാനിന്നു അടുക്കളയില് കയറിയതെയില്ലല്ലോ!!മനസ്സിനെ ശാസിച്ച് നടപ്പിന്റെ വേഗം കൂട്ടുമ്പോള് ഉള്ഭയത്തോടെ അന്ന തിരിഞ്ഞുനോക്കി.പരിചയക്കാരാരെങ്കിലും കണ്ടാല് ..പിന്നെ ചോദ്യങ്ങളുടെ ബഹളമായിരിക്കും..ഇത്ര കാലത്തേ എങ്ങോട്ടാ?അന്യന്റെ കാര്യങ്ങളറിയാനാണല്ലോ നമുക്കെന്നും ഏറെ പ്രിയം.മക്കളെണീറ്റു നോക്കുമ്പോള് തന്നെ കാണാതിരുന്നാല് അവരുയര്ത്തുന്ന പൊല്ലാപ്പോര്തത് വേഗം കൂട്ടിയപ്പോള് കാലൊരു കല്ലില് തട്ടി ചോര പൊടിഞ്ഞു .ചോര വാര്ന്ന ഹൃദയത്തിനകത്തിരുന്നു ആരോ മന്ത്രിക്കുന്നു ..
"അന്നേ,നീയിതെന്തൂട്ടാ കാണിക്ക്ന്ന്? എവിടെക്കാപ്പോ?നെനക്കെന്താ പ്രാന്തായറെ?"
"ഇല്ല അപ്പാ ..എന്നെ വിളിക്കരുത്.മനസ്സിലിരുന്നെന്നെ തിരിച്ച് വിളിക്കരുത്..എനിക്ക് പോണം ..ഇന്ന് വരെ ഞാന് കാണാത്ത വഴികളിലൂടെ.."
  പിന്നില് നിന്നടിച്ച്ച വെളിച്ചത്തില് അന്ന വിളറി വെളുത്തു..അടുത്തടുത്ത് വരുന്ന ബൈക്കിന്റെ ശബ്ദ വെളിച്ച വിന്യാസത്തില് കാലുകളനക്കാനാവാതെ കല്പ്രതിമ പോലെ അന്ന നിന്നു.പുലര്ക്കാലത്ത് ,മാര്കെറ്റില് നിന്നും മീനെടുക്കാന് പോവുന്നേതോ മീന്കാരന്റെ വണ്ടിയാനതെന്നു പിന്നിലെ നീലിച്ച ഐസ് പെട്ടി കണ്ടപ്പോള് മനസ്സിലായി.വിലങ്ങിയ ശ്വാസം തിരിച്ച്ചെടുത്തവള്,സാരി കൂട്ടിപ്പിടിച്ച് ധൃതിയില് ഓടാന് തുടങ്ങി.ചെറുപ്പത്തിലേ കൂടെ കൂടിയ  ശ്വാസംമുട്ടിന്റെ വള്ളികള് അവളെ ഇറുകെ പ്പുണര്ന്നു .കയ്യിലെ സഞ്ചി ക്ക്  അമിത ഭാരമുന്ടെന്നു തോന്നിയവള്ക്ക് .ഈ യാത്രക്ക് ഇത്രയും ഭാരം വേണമായിരുന്നോ?എല്ലാ ഭാരങ്ങളും ഇറക്കി വെച്ചൊരു യാത്രയല്ലേ വേണ്ടിയിരുന്നത്.
"അതിനുള്ള പ്രായക്കെ ആയെട്യെ നിനക്ക്?ത്ന്തൂട്ടാന്റെ അന്ന്യേ..നീ കുടുംബത്ത്ക്കാ  തിരിച്ച്  പോണുണ്ടാ.."
"ഇല്ല അപ്പാ എനിക്ക് പോണം"
"തറവാട്ടീ പെറന്ന പെണ്ണുങ്ങള് ചെയ്യുന്നതാണോട്യേ അന്നേ ഇദ്..നീയങ്ങ് പോയെട്യേ പെണ്ണേ..അവള്ടൊരു സഞ്ചി.."
അന്ന ആകാശത്തൂടെ അവളോടൊപ്പം സഞ്ചരിക്കുന്ന അപ്പനെ നോക്കി ഒരു നിമിഷം ഉത്തരം മുട്ടിയപ്പോലെ നിന്നു.പിന്നെ ഉറച്ച കാല്വെപ്പുകളോടെ നടന്നു.മെല്ലെ പിറുപിറുത്തുകൊണ്ട് ..
"എനിക്ക്  പോണമപ്പാ അപ്പന് കാണിച്ചു തരാത്ത കാടും മേടും കുന്നും കാണാന്....."