Pages

Tuesday 4 July 2017

 അള്ളിപ്പിടിക്കുന്ന ഞണ്ടുകൾ
ഈ വ്യാഴാഴ്ച്ച ബനാന ഐലൻഡിൽ പിങ്ക് ഡേ ആയിരുന്നു.. ജീവിതത്തിൽ കാൻസർ രോഗത്താൽ വലയുന്നവരോട് അനുതാപപൂർവ്വം തോളോട് തോൾ ചേർന്ന് പൊരുതാൻ, ഒരു ദിനം.. ഐലൻഡ് നിറയെ പിങ്ക് ഉടുപ്പിട്ടവർ... അവരെ നോക്കിയിരിക്കുമ്പോൾ കാൻസർ വ്യാപകമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തെക്കുറിച്ച് അറിയാതെ ഓർത്തു പോയി .. ജീവിത പാച്ചിലിനിടയിൽ നമ്മൾ ഓർക്കാനിഷ്ടപ്പെടാത്ത പല കാര്യങ്ങളും ... മനപൂർവ്വം മറക്കുന്ന ചില ഓർമ്മപ്പെടുത്തലുകൾ...
എന്റെ ജീവിതത്തിൽ ആദ്യമായി ഞണ്ട് അള്ളിപ്പിടിച്ചത് 27 വർഷങ്ങൾക്ക് മുമ്പ് എന്റെ ജീവന്റെ ജീവനായ, മക്കളെ സ്നേഹിച്ച് കൊതി തീർന്നില്ലല്ലോന്ന് വിലപിച്ച ഉപ്പാനെയായിരുന്നു .. ആറു മാസത്തോളം ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്ക് .. ചെറിയൊരു പനിയിൽ തുടക്കം..എല്ലിനുള്ളിൽ കടുത്ത വേദന, വേദന കൊണ്ട് പുളയുന്ന ഉപ്പാനെ കണ്ട് നിൽക്കാനാവുന്നുണ്ടായിരുന്നില്ല കുഞ്ഞായിരുന്ന എനിക്ക് പലപ്പോഴും... ആകാശം മുട്ടെ ഉയരത്തിൽ ജ്വലിച്ച് നിന്നിരുന്ന ഉപ്പ, കാൻസറിന്റെ വേദനയിൽ തളരുമ്പോൾ മനുഷ്യനെത്ര നിസ്സഹായനെന്ന പാഠം പഠിക്കുകയായിരുന്നു ഞാൻ.. ഓങ്കോളജി ഡിപ്പാർട്ട്മെന്റുകൾ മുട്ടിന് മുട്ടിന് തുറക്കാത്ത ആ കാലത്ത് ഉപ്പ മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ഉപ്പാക്ക് ബോൺ കാൻസറാണെന്നുള്ളത് കണ്ടു പിടിച്ചത് .. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ എന്നിൽ നിന്നും ഉപ്പാടെ സ്നേഹം തട്ടിത്തെറിപ്പിച്ച ഞണ്ടിനെ അന്നേ വെറുക്കാൻ തുടങ്ങി ഞാൻ....
     അതിനു ശേഷം ഒത്തിരി പേർ ആ ഞണ്ടിന്റെ പിടിയിൽ അമർന്ന് മുങ്ങിത്താഴ്ന്നു.. മൂത്ത ഇത്താടെ ഭർത്താവ്, ഫുട്ബോൾ റഫറിയായും മികച്ച അധ്യാപകനായും വളരെ ആരോഗ്യ പരമായി ജീവിതം നയിക്കുമ്പോഴാണ് മൂക്കിന് ചെറിയൊരു വളവുണ്ടെന്നും പറഞ്ഞ് സർജറി ചെയ്യുന്നതും, പിന്നീടത് കാൻസറാണെന്ന് തിരിച്ചറിയുന്നതും... മജീദളിയന്റെ ഇച്ഛാശക്തി അപാരമായിരുന്നു; എത്ര വേദനിക്കുമ്പോഴും തമാശകൾ പറഞ്ഞ് ചിരിച്ച് ഞങ്ങളെ ചിരിപ്പിച്ച് കാൻസറിനെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ച് കയറി.. പക്ഷേ നാലഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും  ആക്രമണമുണ്ടായപ്പോൾ തീർത്തും പതറിപ്പോയി... കണ്ടാലറിയാത്ത വിധം മുഖത്തിന്റെ ആകൃതി തന്നെ മാറിപ്പോയി അദ്ദേഹത്തിന് വീണ്ടും കാൻസർ ബാധിതനായപ്പോൾ... ഇപ്രാവശ്യം അദ്ദേഹം ആയുധം വെച്ച് കീഴടങ്ങി, ജീവിതത്തിന്റെ പകുതി പോലും പിന്നിട്ടിട്ടില്ലാത്ത എന്റെ ഇത്താനെ വിധവയാക്കി കൊണ്ട് കാലയവനികക്കുള്ളിൽ മറഞ്ഞു.. ചിട്ടയോടെയുള്ള ജീവിതം, നിരന്തരമായ ശാരീരികാധ്വാനം ഇതെല്ലാമുള്ള ജീവിതമായിരുന്നിട്ടും ഞണ്ട് വെറുതെ വിട്ടതേയില്ല.. അകാലത്തിൽ പൊഴിയാൻ തന്നെയായിരുന്നു വിധി..
  രണ്ടായിരമാണ്ടിലെത്തിയപ്പോഴേക്കും ഒരു വീട്ടിൽ ഒരു കാൻസർ രോഗിയെന്ന നിലയിലേക്ക് ആരോഗ്യസൂചിക ഉയർന്നു.. രാജാ ഹോസ്റ്റലിൽ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന നാദിയ ബ്രെസ്റ്റ് കാൻസർ വന്ന് മരിച്ചത് ഞാനറിഞ്ഞത് മാസങ്ങൾക്കു ശേഷമാണ്. എന്നിട്ടും അവളുടെ കളിയും ചിരിയും ഉമ്മയില്ലാത്ത അവളുടെ മക്കളുടെ മുഖങ്ങളും പല രാത്രികളിലും എന്റെ ഉറക്കം കെടുത്തി.. കഥാകാരി ചന്ദ്രമതി കാൻസർ തീരത്തൂടെ നടന്ന് ഞണ്ടുകളെ വീണ്ടും വീണ്ടും പറിച്ചെറിഞ്ഞ് വേദനയിലൂടെ ജീവിതത്തിലേക്ക് തിരിച്ച് നടന്നത് വീർപ്പടക്കി പിടിച്ച് വായിച്ചു ഞാൻ.. എന്റെ ഏതൊക്കെയാ കോശങ്ങളിൽ കാൻസർ പിടിമുറുക്കിയിട്ടുണ്ടെന്ന് തോന്നിയെനിക്ക്... മാറിടത്തിൽ ഒന്ന് രണ്ടിടത്ത് ചെറിയമുഴകൾ... ഡോക്ടറെ കാണിച്ചപ്പോൾ മാമ്മോ ഗ്രാഫിക്കെഴുതി തന്നു .. ഇക്ക ഗൾഫിലായിരുന്നു അന്ന്.മുഖമമർത്തിയൊന്ന് കരയാൻ പോലും കഴിയാത്ത അന്ന് തൊണ്ടയിൽ ഘനീഭവിച്ച് നിന്ന കരച്ചിലോടെ ഞാൻ അമല ആശുപത്രിയിലെ മാമ്മോറൂമിന് മുന്നിൽ കുത്തിയിരുന്നു... ഒരുതരം നിർവികാരത എന്നെ ചൂഴ്ന്നു നിന്നിരുന്നു... അപകടകാരിയല്ലാത്ത മുഴയാണിതെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തിയപ്പോൾ അത് വരെ പെയ്യാതെ നിന്നിരുന്ന മഴയെല്ലാം ഞാൻ കൂടെ വന്ന സഹോദരനെ കെട്ടിപ്പിടിച്ച് പെയ്തു തീർത്തു... അയ്യേ... എന്റെ ധൈര്യശാലിയായ പെങ്ങളാണോ ഇതെന്ന് ഇക്ക കളിയാക്കിയപ്പോൾ ഞാനോർത്തു.. മനുഷ്യൻ എത്ര നിസ്സഹായൻ.. രോഗത്തിലും മരണത്തിലും അവൻ തീർത്തും നിസ്സഹായനാണ് ..
   
    ഒരു ദിവസം രാവിലെ കഥാകാരി രേഖയുടെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഞാൻ കഥാകൃത്ത് സിത്താരക്ക് Sithara S Sithara കാൻസറാണെന്നറിയുന്നത്   അത്  വായിച്ചതിന് ശേഷം എനിക്കു ത്തന്നെ അറിയില്ല എനിക്കെന്താണ് സംഭവിക്കുന്നതെന്ന് ..സിത്തുവിന് ഞാൻ ആരുമല്ല .. പക്ഷേ സിത്താരയുടെ കഥകൾ കുറിപ്പുകൾ: അവ വായിച്ചു വളർന്ന എനിക്ക് സിത്താര എന്റെ ഹൃദയത്തോട് വളരെയധികം ചേർന്നു നിൽക്കുന്ന ഒരാളാണ് ...എന്താ പറയുക അന്നെനിക്കൊന്നും ചെയ്യാൻ തോന്നുന്നുണ്ടായിരുന്നില്ല.. അതിശക്തമായ ശ്വാസംമുട്ടലാൽ കുറുകുന്ന നെഞ്ചകം... അതിനപ്പുറം വേദന തോന്നുന്ന കാളൽ മനസ്സിനെ നീറ്റുന്നു.. എന്തിനെന്നറിയാതെ ഞാനെൻറ മോളോട് വഴക്കിട്ടു .. കട്ടിലിൽ കയറിക്കിടന്ന് തല വഴി മൂടിയ പുതപ്പിന്നടിയിൽ നിറഞ്ഞ കണ്ണുകളെ ഒളിപ്പിച്ചു .. ഫ്രിഡ്ജിൽ നിന്നും എന്തെങ്കിലുമെടുത്ത് ചൂടാക്കി തിന്നോളാൻ പറഞ്ഞ് നിരുത്തരവാദപരമായ ഭർത്താവിനെയും കുട്ടികളെയും മനസ്സിൽ നിന്നും ഇറക്കി ഞാനന്ന് സിത്താരയെ കുറിച്ച് മാത്രം ഓർത്തു കിടന്നു.. അവർനേരിടുന്ന വേദനകൾ അവരുടെ മക്കൾ .. മുലപ്പാലിന്റെ മണം മാറാത്ത അവളുടെ കുഞ്ഞുമോൻ.. അവന്റെ കളി ചിരികൾ മിസ് ചെയ്യുന്നുവെന്ന് അവൾ പോസ്റ്റിട്ടപ്പോഴൊക്കെ ഞാൻ കരഞ്ഞു.. ഒരു വേള എനിക്ക് തന്നെയാണോ കാൻസർ: ഞാൻ തന്നെയാണോ സിത്തു എന്ന് പോലും എനിക്ക് തോന്നി.. അവളുടെ ഓരോ കീമോക്കും വേദനയുടെ കയങ്ങളിൽ പിടിച്ച് നിൽക്കാൻ അവൾക്ക് കരുത്തേകാൻ ഞാനേക ദൈവത്തോട് പ്രാർത്ഥിച്ചു... എനിക്കുറപ്പുണ്ട് അവൾ തിരിച്ച് വരും..ഈ രോഗത്താൽ വേദനിക്കുന്ന നൂറായിരങ്ങൾക്കു കരുത്താവാൻ സിത്തൂന്റെ വരികൾക്കാവും..
    ആത്മവിശ്വാസത്തോടെ രോഗത്തെ നേരിട്ട, രോഗത്തെ നോക്കി ചിരിച്ച ജിഷ്ണുവിന്റെ മരണം ഞെട്ടലുളവാക്കി.. ജിഷ്ണുവിനെക്കുറിച്ച് ദീപ ടീച്ചറും ( Deepa Nishanth) ജിഷ്ണുവിന്റെ അച്ഛൻ രാഘവൻ മാഷും എഴുതിയത് വായിച്ചത് നമ്മുടെ കണ്ണുകൾ ഈറനണിഞ്ഞു..
അകാലത്തിൽ പൊലിഞ്ഞ അതുല്യപ്രതിഭക്ക് മനുഷ്യസ്നേഹിക്ക് നമോവാകം. ഇനിയും നമ്മുടെ മുന്നിൽ മംമ്തയുണ്ട്.. തന്റെ ജീവിതം കൊണ്ട് കാൻസറിനെ തോൽപ്പിച്ച് കാണിച്ച്... അവരൊരിക്കലും കാൻസറിന് മുന്നിൽ തോൽക്കരുതേയെന്ന് കൊതിക്കുന്നു .. മോൾടെ ജീവിതം കൈപ്പിടിയിൽ നിന്നൂർ ന്ന് പോയപ്പോഴും തളരാതെ തന്റെ ജീവിതം കാൻസർ ബാധിച്ച അനേകായിരങ്ങൾക്കായി ഉഴിഞ്ഞ് വെച്ച ഷീബ ടീച്ചർ.. Sheeba Ameer. വേദനയുടെ ഒരു കടൽ ഉള്ളിൽ തിരയടിക്കുമ്പോഴും കുഞ്ഞ് മുഖങ്ങളിലെ വേദനകളെ തുടച്ച് മാറ്റാൻ സമൂഹത്തിലേക്കിറങ്ങിയ അവരെ പോലുള്ളവർ നമ്മെ ഓർമ്മിപ്പിക്കുന്നു പലതും... നമ്മുടെ കർത്തവ്യങ്ങളെ... കണ്ണ് തുറന്ന് പിടിച്ച് നമ്മൾ നോക്കണം.. നമുക്ക് ചെയ്യാൻ ഒരുപാടുണ്ട്... വീട്ടിലും നാട്ടിലും...

കാൻസറിന്റെ കരാളഹസ്തങ്ങൾ പിടിമുറുക്കിയിട്ടും അതെല്ലാം പൊട്ടിച്ചെറിഞ്ഞ് കുട്ടികളുടെയിടയിലേക്ക് തിരിച്ച് നടന്ന് കയറിയ എന്റെ പ്രിയ അധ്യാപിക സുഹൃത്ത് ജോയ്സി മിസ്... അങ്ങനെയങ്ങനെ നമ്മുടെ ചുറ്റിലും, നമ്മളറിയുന്ന ഒരു കാൻസർ രോഗിയെങ്കിലുമുണ്ട്.. നമ്മുടെ ഓരോരുത്തരുടെ ഉള്ളിലും ഭീതിയുടെ കരിനിഴൽ വീഴ്ത്തി കാൻസർ രോഗാണു ആക്രമിക്കുമോയെന്ന സംശയമുണ്ട്. സംശയത്തിന്റെ ഞണ്ടുകൾ പിടിമുറുക്കി രോഗാവസ്ഥയിലേക്കെത്താതിരിക്കാൻ ശ്രദ്ധിക്കാം നമുക്ക്.. രോഗത്തിന്റെ പിടിയിലമർന്നവർക്കൊരു കൈത്താങ്ങാവാം നമുക്ക്‌... ജീവിതത്തിലേക്ക് തിരിച്ച് നടക്കാൻ..

ചിത്രത്തിന് കടപ്പാട്: ഗൂഗിൾ

1 comment:

  1. കാൻസർ മാത്രമല്ല മനുഷ്യജീവിതങ്ങള്‍ അപഹരിക്കുന്ന എത്രയെത്ര വ്യാധികളാണ് നമുക്ക് ചുറ്റിലും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നത് .ജീവിതമെന്ന ഈ യാത്രയില്‍ ആര്‍ക്കും അതൊന്നും ഓര്‍ക്കുവാന്‍ സമയമില്ല എന്ന് പറയുന്നതാവും ശെരി .നമുക്കോ നമുക്ക് വേണ്ടപെട്ടവര്‍ക്കോ ഇങ്ങിനെയുള്ള വ്യാധികള്‍ വന്നുഭവിക്കുമ്പോഴാണ് നാം ഓര്‍ക്കുക ബ്ലോഗെഴുത്തിലെക്കുള്ള തിരിച്ചുവരവിന് എല്ലാവിധ ആശംസകളും നേരുന്നു

    ReplyDelete