Pages

Saturday, 17 August 2013

എന്റെ വീട്

എന്റെ വീട്..ഞാൻ അടക്കം പലരും പിറന്നു വീണ വീട്..ഒന്പത് മക്കളുള്ള എന്റെ  ഉമ്മാടെ ഈറ്റു നോവിന്റെ  വേദനകൾ ഏറെ കേട്ട വീട്..കുഞ്ഞു മക്കളുടെ കരച്ചിലുകൾ ,ബാല്യ കുതൂഹലങ്ങൾ ,കൗമാര തിമിർപ്പുകൾ  ,യൗവനത്തിന്റെ തീക്ഷ്ണത ,വാർധക്യത്തിന്റെ ആവലാതികൾ  ഇതെല്ലാം ആ വീടിനെ എത്രത്തോളം മുഖരിതമാക്കിയിരിക്കും..ഇന്നത്തെ കുട്ടികൾക്ക്  ചിരപരിചിതമല്ലാത്ത നടുവകം ,ഉമ്മറം,തിണ്ണ ,പൂമുഖം,മച്ചിന്റകം ,ഇടനാഴിക,വടക്കിനി ,കോലായി ,കോണിച്ചോട്  ,വീതന ,ഓവ് ...അങ്ങനെയങ്ങനെ പോകുമാ വീടിനെ പരിചയപെടുത്താൻ ഉപയോഗിക്കുന്ന പദാവലി ..


ഇന്നത്തെ പോലെ നിറഞ്ഞ സൂര്യപ്രകാശം കടന്നുവരുന്ന അകത്തളങ്ങൾ അല്ലായിരുന്നു...ഇരുട്ട് മൂടി കിടക്കുന്ന ആ മുറികൾ ഞങ്ങളുടെ പല കുസൃതികൾക്കും  സാക്ഷ്യം വഹിച്ചിട്ടുണ്ട് ..മച്ചിന്റകത്തെ പത്തായത്തിൽ ആരും കാണാതെ ഉമ്മ പഴുക്കാൻ വെച്ചിരുന്ന പഴക്കുല ഉമ്മ അറിയാതെ എടുത്ത് തിന്നു പഴത്തൊലി മാത്രം പത്തായത്തിൽ ശേഷിച്ചത് കണ്ട് ..അന്തം  വിട്ടിരുന്ന ഉമ്മാനെ നോക്കി കുസൃതിച്ചിരി ചിരിച്ച വയറാവു .. വേലക്കാരുടെ പ്രണയ ചാപല്യങ്ങൾ ..വെല്ലിമ്മാടെ ദിക്റുകൾ..അന്നത്തെ ഓരോ വൈകുന്നേരത്തിനും ഭക്തിയുടെ നിറമായിരുന്നു കൂടുതൽ..പടിഞ്ഞാറേ പറമ്പിലെ പാമ്പും കാവിൽ വിളക്ക്  വെക്കാൻ വരുന്ന അപ്പുറത്തെ ചേച്ചിയുടെ ദീപം ദീപം എന്നാ മന്ത്രണവും ..ഞങ്ങളുടെ ഖുറാൻ ശീലുകളും ഒരുമിച്ച് അന്തരീക്ഷത്തിൽ അലയടിക്കും..മുനിഞ്ഞു കത്തുന്ന ചിമ്മിനിയുടെ പ്രകാശത്തിൽ കുട്ടികൾ പഠിക്കുമ്പോൾ വൈകുന്നേരത്തെ പണിയൊക്കെ ഒതുക്കി കുളിച്ച്  അടുത്ത വീട്ടിലെ ചേച്ചിമാരിൽ  നിന്നും വാങ്ങി കൊണ്ടുവന്ന മാസികകളും വാരികകളും നോവലുകളും വായിക്കുന്ന തിരക്കിലാവും മുതിർന്നവർ..

മകര മാസത്തിലെ തണുപ്പിനോടൊപ്പം  പറമ്പ് നിറയെ ഓല വെട്ടിയിട്ടിട്ടുണ്ടാവും..വൃശ്ച്ചിക  കാറ്റിനോടൊപ്പം വീണു കിടക്കുന്ന കണ്ണിമാങ്ങകൾ..അവ പെറുക്കി കൂട്ടി നാലായരിഞ്ഞ്  ഉപ്പും മുളകും ഇത്തിരി വെളിച്ചെണ്ണയും തൂവി ,പച്ചോല മടലുകൾ ചേർത്തുവെച്ചുണ്ടാക്കിയ ഉണ്നിപ്പുരയിൽ 
വലിഞ്ഞ്  കേറി തിന്നുമ്പോൾ ആ ഉണ്നിപ്പുരയെക്കാൾ വലുപ്പം മറൊന്നിനുമുണ്ടായിരുന്നില്ല ..
മെടഞ്ഞ ഓലകൾ താളത്തിൽ മേലോട്ടിടുമ്പോൾ അതു പിടിച്ചെടുത്ത് ,അരയിൽ  കെട്ടിവെച്ച  കൊതുമ്പു നാരുകളാൽ  താളത്തിൽ വേഗത്തിൽ കെട്ടിയുരപ്പിക്കുമ്പോൾ പലപ്പോഴും ഞാൻ അന്തം  വിട്ട നോക്കി നിന്നിട്ടുണ്ട്..പുരകെട്ട്  കഴിഞ്ഞാൽ ശർക്കരയും തെങ്ങയുമെല്ലാം ചേർത്തൊരു "കറി " കുടിക്കാൻ കിട്ടും..ഈ പായസത്തിനെന്താണ് കറിയെന്ന്  പറയുന്നതെന്ന് എന്നിലെ ഭാഷാ സ്നേഹി ഒത്തിരി തവണ ചിന്തിച്ചിട്ടുണ്ട്.. 
ഓരോ വേനലവധികളും ആ വീടിനെ കോരിത്തരിപ്പിച്ചു..ഓരോ മാമ്പഴകാലത്തും പച്ചയും പഴുത്തതുമായ നിരവധി മാങ്ങാ ചാക്കുകൾ...അണ്ടി മാത്രമായി ആ മുറികളിലൂടെ പിന്നിലെ തോട്ടിരംബിലേക്ക്  വലിച്ചെറിയപ്പെട്ടു..പഴുത്ത ചക്കയുടെ നറും മണവും..കശുമാങ്ങയുടെ ചുണ 
പറ്റി പൊള്ളിയ കവിൾത്തടങ്ങളും ഓരോ വേനലിലും മാറികൊണ്ടിരുന്നു..
എത്ര എത്ര കല്യാണങ്ങൾ..സദ്യവട്ടങ്ങൾ ..
ഞാൻ കോളേജു വിട്ട് വീട്ടിലെത്താൻ ഇത്തിരി താമസിച്ചാൽ കത്തുന്ന നെഞ്ജോടെ മുന്നിലെ മുള ക്കൂട്ടത്തിന്നടുത്ത്  എന്നെ കാത്ത് നിന്നിരുന്ന എന്റെ  ഉമ്മാനെ ഞാൻ എത്ര കളിയാക്കിയിട്ടുണ്ട്..ഇന്നീ മണൽക്കാട്ടിൽ മക്കള്ടെ സ്കൂൾ ബസ് വരാൻ ഇത്തിരി വൈകുമ്പോൾ ഏതോ ലോകത്തിരുന്നു ഉമ്മയെന്നെ കളിയാക്കി ചിരിക്കുന്നതായെനിക്ക് തോന്നാറുണ്ട്..

വെല്ലിമ്മ,ഉമ്മ,ഉപ്പ...ഒക്കെ മരിച്ചിറങ്ങി  പോയ വീട്..ഇന്നാ വീടില്ല..എങ്കിലും ഏഴു കടലുകൾക്ക്  ഇപ്പുറത്തിരുന്നു  ഞാൻ  ഓർക്കാറുണ്ട് ..സ്കൂൾ വിട്ട്  ഓടി വരുന്ന എന്നെ കാത്തിരുന്ന  എന്റെ ഉപ്പാനെ..ഓരോ വേനലവധിക്കും വന്നിരുന്ന ഇത്തമാര്ക്കും കുട്ടികൾക്കുമായി  പലഹാരങ്ങളുമായി കാത്തിരുന്ന എന്റെ ഉമ്മ  ഇന്നുമാ വീടിന്റെ ഉമ്മറപ്പടിയിൽ ഞങ്ങളെ കാത്തിരിക്കുന്നുണ്ടാവുമോ ?

6 comments:

  1. നാട്ടു / വീട്ടു വർത്താനങ്ങൾ ...

    ReplyDelete
  2. ഈ വീട് എന്റെയും വീടുപോലെ തോന്നിച്ചു ....
    ഞങ്ങൾ പതിനൊന്നു മക്കളെ പ്രസവിച്ചു ഉമ്മ
    ഞാൻ ജനിച്ചു വളർന്നതും എന്നെ എല്ലാവരും തനിച്ചാക്കി പോയതും എന്റെ ആ വീട്ടിൽ നിന്ന് തന്നെ...

    ReplyDelete
  3. പെട്ടന്നൊരു നിമിഷം എന്റെ ബാല്യകാലത്തിലേക്ക് (പോത്താനിക്കാട് പുളിന്താനം ഗ്രാമത്തിൽ അമ്മ വീട്ടിൽ, വേനലവധി ക്കാലം കഴിച്ചുകൂട്ടിയ നാള്കൾ) എന്നെ കൂട്ടിക്കൊണ്ടു പോയി ഈ വരികൾ
    എഴുത്തിനും വിവരണത്തിനും പെട്ടന്ന് വിരാമം വന്ന പോലൊരു തോന്നൽ. കുറേക്കൂടി പറയാമയിരുന്നു എന്ന് വെറുതെ തോന്നിപ്പോയി.
    ആശംസകൾ
    എഴുതുക അറിയിക്കുക

    PS:
    ഇവിടുള്ള word verification എടുത്തു മാറ്റുക കമന്റു പൊസ്റ്റാൻ ആഗ്രഹിക്കുന്നവർക്ക് അത് തടസ്സം സൃഷ്ടിക്കും
    നന്ദി

    ReplyDelete
    Replies
    1. Thank u sir,..how can I change that word verification? Will u plz share the idea..

      Delete
  4. ഇന്നലെ കണ്ടപോലെ എല്ലാം ഓര്‍മ്മകളില്‍ ഉണ്ട് ...ഞാനൊരു മെയില്‍ അയച്ചിട്ടുണ്ട് കണ്ടിട്ടില്ലെങ്കില്‍ നോക്കുമെല്ലോ
    വേര്‍ഡ്‌വെരിഫിക്കേഷന്‍ ഒഴിവാക്കാന്‍ > Blogger > Settings > Post and comments > Show word verification ഇവിടെ NO എന്നാക്കി Save ചെയ്യുക .

    ReplyDelete