Pages

Monday 26 August 2013

സ്വര്ഗം തേടിയ നോമ്പുകള്


സ്വര്ഗം തേടിയ നോമ്പുകള്

സ്വര്ഗം തേടിയ നോമ്പുകള്
ഒരു മീനച്ചൂടിലാണ് ജീവിതത്തിലാദ്യമായി ഞാന് നോമ്പിനെ അറിഞ്ഞത്. അന്നെനിക്ക് അഞ്ചര വയസ്സ് പ്രായം. ഞങ്ങള് ഒമ്പതു മക്കളായിരുന്നു. മൂന്ന് ഇത്തമാരുടെ വിവാഹം കഴിഞ്ഞിരുന്നു. കല്ല്യാണം കഴിച്ചയച്ചത് ദൂരത്തേക്കായതിനാല് വേനലവധിക്കാണ് ഇത്തമാരും കുട്ടികളുമെല്ലാം വീട്ടിലെത്തുക. വീട്ടില് ഒമ്പതാമനായിരുന്നതിനാല് എനിക്ക് കുഞ്ഞിമ്മാന്നു വിളിപ്പേരു കിട്ടി. ഇവരെ കൂടാതെ അടുത്ത ബന്ധത്തിലുള്ള യത്തീമായ ഒരു കുട്ടി, അയല്പക്കത്തെ ദരിദ്രകുടുംബത്തിലെ ഇക്ക ഇവരെല്ലാം ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങളായിരുന്നു. പിന്നെ ഉപ്പായുടെയും ഉമ്മായുടെയും ഉമ്മമാരും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ സന്തുഷ്ട കുടുംബം.
ഉപ്പാക്ക് കടുത്ത പ്രമേഹമായതിനാല് നോമ്പെടുക്കാനാവുമായിരുന്നില്ല.ഞാന് ആദ്യമായി നോമ്പെടുക്കുന്നുണ്ടെന്നറിഞ്ഞപ്പോള് പ്രായപൂര്ത്തിയാവാത്ത കുട്ട്യോള്ടെ നോമ്പ് മാതാപിതാക്കള്ക്കുള്ളതാണെന്ന്
ഉപ്പ സന്തോഷത്തോടെ പറഞ്ഞു. ‘ഇന്െറ മോളെ നോമ്പ് ഉപ്പാക്കാണോ ഉമ്മാക്കാണോ’ന്ന് ചോദ്യത്തിന് എന്നും ഉപ്പക്കുട്ടിയായിരുന്ന എനിക്ക്, ഉപ്പാക്കെന്നു പറയാന് തെല്ലും ചിന്തിക്കേണ്ടിവന്നില്ല.
രാത്രിയില് ഉപ്പയും ആണ്കുട്ടികളെല്ലാവരും പൂമുഖത്തെ കോലായിലാണ് കിടക്കുക. രണ്ടര മൂന്നു മണിയാവുമ്പോഴാണ് അത്താഴത്തിനെഴുന്നേറ്റത്. ചൂടുചോറും ചുട്ടരച്ച ചമ്മന്തിയും കട്ടിത്തൈരും കൂട്ടി എല്ലാവരും ചോറുണ്ടു. സുബ്ഹ് ബാങ്ക് കൊടുക്കുന്നതുവരെ എല്ലാവരും കൂടിയിരുന്നു ഖുര്ആന് പാരായണം. ഇതിനിടയില് പഴവും തേങ്ങാപ്പാലും അവിലുംകൂട്ടി പിഴിഞ്ഞത് ഓരോ ഗ്ളാസ് കിട്ടും. ഏറ്റവുമാദ്യം ഖത്തം പൂര്ത്തിയാക്കുന്നവര്ക്ക് സമ്മാനവുമുണ്ടാവും.
ആദ്യത്തെ നോമ്പെടുത്ത ദിവസം രണ്ടു മണിവരെ ഒരുവിധം പിടിച്ചുനിന്നു. രാവിലെ മുതല് മാവിന്ചുവട്ടിലും കൊത്തങ്കല്ല് കളിക്കുന്നിടത്തും സജീവമായിരുന്ന ഞാന് ഉച്ചച്ചൂട് സഹിക്കാനാവാതെ തൊണ്ടവരണ്ട് ഒരിറ്റു വെള്ളത്തിനായി കൊതിച്ചു. വെള്ളം കിട്ടാതെ ഞാന് മരിച്ചുപോവുമോയെന്നൊരു ഭീതി എന്നെ തളര്ത്തി. വീട്ടിലെ രണ്ട് വല്യുമ്മമാര് തളര്ന്ന എന്െറ മുഖത്ത് നോക്കി ‘മോളതിനൊന്നും ആയില്ല. കുട്ട്യോള്ക്ക് ഉച്ചവരെ നോറ്റാല് മതി’യെന്നുപറഞ്ഞ് ആശ്വസിപ്പിച്ചു. രണ്ടു മണിയായപ്പോള് ഉമ്മ പറഞ്ഞു, ഇത്രനേരം നോമ്പെടുത്തില്ലേ, ഇനി കുറച്ചുനേരം കൂടിയല്ലേ, ഉമ്മാടെ പൊന്ന് നോമ്പെത്തിക്കൂന്ന്. വീണ്ടും കളിക്കൂട്ടത്തിലേക്ക് തിരിച്ചിറങ്ങിയ ഞാന് മൂന്നു മണിയായപ്പോള് കളിക്കിടയില് നിന്നോടിവന്ന് പുറത്തെ പൈപ്പില്നിന്ന് വെള്ളം ആര്ത്തിയോടെ കോരിക്കുടിച്ചു. ആ വെള്ളം ഇറങ്ങിപ്പോകുമ്പോള് ഞാനന്നുവരെ അനുഭവിക്കാത്ത തണുപ്പനുഭവപ്പെട്ടു. അന്നനാളത്തിലൂടെ അരിച്ചിറങ്ങുന്ന തണുപ്പ്. നോമ്പുമുറിച്ച എന്നെ നോക്കി, കൊടുംപാതകം ചെയ്തതുപോലെ നില്ക്കുന്ന കളിക്കൂട്ടത്തില് നിന്ന് ഒരു കുറുമ്പന് ‘അമലു നോമ്പുമുറിച്ചേ’ എന്നോളിയിട്ട് അകത്തേക്കോടി.
‘ഇത്രനേരം നോമ്പെടുത്തിട്ട്’ ഉമ്മാടെ സ്വരത്തിലെ നിരാശ എന്െറ കണ്ണുകളില് എരിവായി പെയ്തിറങ്ങി. രാവിലെ മുതല് കരുതിവെച്ച ഞാവല്പഴങ്ങള്, കാക്ക കൊത്തിയിട്ട മൂവാണ്ടന് മാങ്ങയുടെ മുറിച്ചുവെച്ച കഷണങ്ങള്, പഴുത്തൂര്ന്നുവീണ അയിനിച്ചക്കയുടെ മണ്ണാവാത്ത പഴം... പാത്രത്തില് മൂടിവെച്ചിരുന്നതെല്ലാം പുറത്തേക്കെറിഞ്ഞ്, ഞാന് പായയില് മുഖമമര്ത്തി കമിഴ്ന്നുകിടന്നു. ‘ഉപ്പപ്പ വന്നാല് അനക്കിന്ന് കിട്ടിക്കോളു’മെന്നുപറഞ്ഞ് കളിക്കൂട്ടങ്ങള് എന്നെ പേടിപ്പിച്ചു. ഉപ്പ അരികില് വന്നിരുന്ന് ‘ഉപ്പാടെ കൂലി പോയല്ലോ’ എന്നു പറഞ്ഞപ്പോള് ഞാനൊന്നൂടെ തേങ്ങി. ‘സാരോല്ല, ആദ്യത്തെ നൊമ്പല്ലെ, അതിത്രക്കൊക്കെ മതി’യെന്നു പറഞ്ഞ് തഴുകിയപ്പോള് ഞാനാ മടിയില് തലവെച്ചങ്ങനെ കിടന്നു. പിറ്റേന്നെന്നെ അത്താഴത്തിന് വിളിക്കണമെന്ന് ഉപ്പാനെ പറഞ്ഞേല്പിച്ച് കൈയിലടിച്ച് സത്യം ചെയ്യിച്ചാണ് കിടന്നുറങ്ങിയത്.
ഉപ്പ എന്നെ അത്താഴത്തിന് വിളിക്കുമ്പോള് ഉമ്മയും വല്യുമ്മമാരും ‘‘കുട്ടീനെക്കൊണ്ട് പറ്റൂല്ല, വെറുതെ അതിന്െറ ഉറക്കം കളയണ്ടാ’’എന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു. അത് കേട്ടപ്പോള് വാശിയോടെ ഞാന് ഉപ്പാടെ ചെവിയില് മന്ത്രിച്ചു.‘‘എന്െറ നോമ്പിന്െറ കൂലി ഉപ്പാക്കു മാത്രാട്ടോ. ഇന്നലെ ഞാന് ഉമ്മാക്കും കൂടി കിട്ടിക്കോട്ടേന്ന് വിചാരിച്ചേരുന്നു. ഇനി ഉപ്പാക്കു മാത്രം മതി’’.
പിറ്റേന്ന് ദാഹത്തേക്കാളും കത്തിക്കാളുന്ന വിശപ്പിനേക്കാളും എന്െറ ഉപ്പാക്ക് റബ്ബ് കൊടുക്കുന്ന സ്വര്ഗമെന്ന പൂങ്കാവനത്തെക്കുറിച്ചോര്ത്ത് ഞാന് വാശിയോടെ നോമ്പുപിടിച്ചു. ഉപ്പാനെ കാണാന് വന്ന വിരുന്നുകാരന് കൊണ്ടുവന്ന കമറുകട്ടക്കോ പഞ്ചാരമണലില് വീണുകിടക്കുന്ന മൂവാണ്ടന് മാങ്ങകള്ക്കോ എന്െറ തീരുമാനത്തെ ഇളക്കാനായില്ല. വൈകുന്നേരം മഗ്രിബ് ബാങ്കിന് ചെവിയോര്ത്ത് കോലായിലെ പായയില് ഒടിഞ്ഞുതൂങ്ങിയിരിക്കുമ്പോഴും ഉള്ളില് അണയാത്ത ഊര്ജമായിരുന്നു.
പതിനൊന്നാം വയസ്സില് ‘എന്െറ മക്കളെ കണ്ട് കൊതിതീര്ന്നില്ലല്ലോ എന്െറ റബ്ബേ’ എന്നു കേണുകൊണ്ടെന്െറ ഉപ്പ ഞങ്ങളെ വിട്ട് ഇഹലോകത്തില്നിന്ന് പോയശേഷം വന്ന ഓരോ റമദാനിലും ഞാനെന്െറ ഉപ്പാക്ക് സ്വര്ഗത്തിലൊരിടത്തിനായി കേണു, മുഴുവന് നോമ്പും എടുത്തു. പെരുന്നാള് തലേന്ന്, ‘‘ന്െറ മോള് നോമ്പെടുത്തതല്ലേ’’ എന്നു പറഞ്ഞ് ഉപ്പ തരാറുള്ള പുത്തനുടുപ്പ് ഇന്നില്ല. എന്െറ പതിനേഴാം വയസ്സില് ഒരു നോമ്പുകാലത്ത് പോരിശയാക്കപ്പെട്ട അവസാനത്തെ പത്തില് നോമ്പോടുകൂടി ഉമ്മയും ഈ ലോകത്തോട് വിടപറഞ്ഞു. അന്നുമുതല് ഓരോ നോമ്പിനും ഞാനെന്െറ ഉമ്മാക്കും ഉപ്പാക്കും വേണ്ടി ഒരുപോലെ പ്രാര്ഥിക്കാന് തുടങ്ങി.

Tags: 

2 comments:

  1. ഗൃഹാതുരത്വമുണര്‍ത്തിയ ഓര്‍മ്മകള്‍ . ലക്ഷ്യം ഏറ്റവും വേണ്ടപ്പെട്ടവരെ നിനച്ചായാല്‍ അത് നേടുക തന്നെ ചെയ്യും. ഓര്‍മ്മകളിലൂടെ അനുയാത്ര ചെയതപ്പോള്‍ കണ്ണിലിരമ്പിക്കൂടിയ നീരിനെ ഞാന്‍ തടുക്കാന്‍ പ്രയാസപ്പെട്ടു.

    ReplyDelete
  2. ഓർമ്മകൾ നന്നായി, പഴയ ബ്ലോഗ് കാലം

    ReplyDelete